2019 ലെ പതിനേഴാം ലോകസഭാ തെരഞ്ഞെടുപ്പിനെ സാധാരണയായുള്ള തികഞ്ഞ നിസ്സംഗതയോടെ തുടക്കം മുതൽ നോക്കിക്കണ്ട ഒരു വ്യക്തിയാണ് ഞാൻ. ആരു വിജയിച്ചാലും കുഴപ്പമില്ല എന്ന രീതിയിലൊരു തണുപ്പൻ ചിന്താഗതി. നരേന്ദ്രമോദിയുടെ 5 വർഷത്തെ ഭരണത്തിനെതിരായി എന്റെ മനസ്സിൽ ഒന്നും ഇല്ലായിരുന്നു എന്ന് മാത്രമല്ലാ, നോട്ടു പിൻവലിയ്ക്കൽ, GST മുതലായ പരിഷ്കാരങ്ങളെ എന്റെ സുഹൃത്തുക്കൾ വീറോടെ എതിർത്തപ്പോൾ അവയുടെ നല്ല വശങ്ങളെക്കുറിച്ചു അങ്ങേയറ്റം വാചാലനായ ഒരു വ്യക്തിയുംകൂടി ആയിരുന്നു ഞാൻ. എങ്കിലും ഒരു ഭരണമാറ്റം ജനാധിപത്യ സംവിധാനത്തിനു തികച്ചും യോജിച്ചതാണ്; അതുകൊണ്ടുതന്നെ ഇത്തവണ രാഹുൽ ഗാന്ധി പ്രധാനമന്ത്രി ആകുന്നെങ്കിൽ ആയിക്കോട്ടെ എന്നൊരു മനോഭാവമായിരുന്നു ഏപ്രിൽ ആദ്യവാരം വരേയും എനിക്കുണ്ടായിരുന്നത്. സത്യത്തിൽ ഒരു രാഷ്ട്രീയ പാർട്ടിയോടും എനിക്ക് എതിർപ്പോ താല്പര്യമോ ഇല്ലായിരുന്നു. ഒരു പക്ഷെ പതിനഞ്ച് വർഷത്തെ എയർഫോഴ്‌സ് ജീവിതം ആയിരിക്കാം എല്ലാ രാഷ്ട്രീയപ്പാർട്ടികളെയും ഒരുപോലെ കാണാനുള്ള മാനസികാവസ്ഥ എന്നിലുണ്ടാക്കിയത്. എല്ലാ രാഷ്ട്രീയപ്പാർട്ടികളെയും ഒരുപോലെ കാണുകയെന്നു പറയുമ്പോൾ ദേശീയപാർട്ടികളെ മാത്രമാണ് ഞാൻ ഉദ്ദേശിച്ചത്. പ്രാദേശികപ്പാർട...