ഏതാണ്ട് അമ്പതു വർഷം മുൻപ് ആഹാരത്തിൽനിന്നും നമ്മുക്ക് ലഭിച്ചുകൊണ്ടിരുന്ന പോഷകങ്ങൾ അതേ ആഹാരസാധനങ്ങളിൽനിന്നും അതേയളവിൽ ഇപ്പോൾ ലഭിക്കുന്നില്ലായെന്നത് പരക്കെ അംഗീകരിക്കപ്പെട്ടതും ഈ മേഖലയിൽ നടത്തിയ പല ആധികാരിക പഠനങ്ങളും അസന്നിഗ്ദ്ധമായി വെളിവാക്കുകയും ചെയ്‌ത വസ്തുതയാണ്. ഇപ്പോളത്തെ മുതിർന്ന തലമുറ ഈ സത്യം ഒരു ദിവസം ഒരു തവണയെങ്കിലും വലിയ നഷ്ടബോധത്തോടുകൂടി ഓർക്കുകയും ഇളം തലമുറയെ ഓർമ്മപ്പെടുത്തുകയും ചെയ്യുന്നുണ്ട്. അരിയായാലും ഗോതമ്പായാലും പച്ചക്കറികളായാലും പഴവർഗ്ഗങ്ങളായാലും ഇതൊരു വസ്തുതയാണെന്നു പഠനങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഒന്നിനും പണ്ടുണ്ടായിരുന്ന രുചി ഇപ്പോൾ അനുഭവവേദ്യമാകുന്നില്ല ; ഒന്നിൽനിന്നും പണ്ട് ലഭിച്ചുകൊണ്ടിരുന്ന പോഷകഗുണങ്ങൾ ഇപ്പോൾ ലഭിക്കുന്നില്ല. രാസവളങ്ങളുടെ അമിതമായ ഉപയോഗവും തന്മൂലം കൃഷിസ്ഥലങ്ങളിലെ മണ്ണിൻറ്റെ ഘടനയിലുണ്ടായ മാറ്റങ്ങളും വിളകളുടെ പോഷകമൂല്യത്തിൽ വന്ന ഇടിവിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു. ജീവിതശൈലിയിൽ വന്ന മാറ്റങ്ങളോടൊപ്പം പോഷകാഹാരക്കുറവും ഈ തലമുറയെ അലട്ടുന്ന പല രോഗങ്ങൾക്കും കാരണമാകുന്നു. പണത്തിനു പണ്ടത്തെപ്പോലെ ദൗർലഭ്യമില്ലാത്തതുമ...