Skip to main content

സഖാവ് ടി.പി ചന്ദ്രശേഖരൻറ്റെ കൊലപാതകം


പതിനെട്ടാമത്തെ വയസ്സിൽ സിപിഐ(എം)ൻറ്റെ നെല്ലച്ചേരി ബ്രാഞ്ച് സെക്രട്ടറിയായി തുടങ്ങി 49-ആം വയസ്സുവരെ പാർട്ടിയുടെ പല ഘടകങ്ങളിലും പ്രവർത്തിച്ചു നിസ്വാർത്ഥ സേവനം കാഴ്ചവെച്ച, പാർട്ടിക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ഒരുത്തമ സഖാവായിരുന്നു ടി.പി ചന്ദ്രശേഖരൻ. എസ്.എഫ്.ഐ. ജില്ലാ പ്രസിഡണ്ട്, സെക്രട്ടറി, സംസ്ഥാന ജോയൻറ്റ് സെക്രട്ടറി, കേന്ദ്രസമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ഡി.വൈ.എഫ്.ഐയുടെ കോഴിക്കോട് ജില്ലാ സെക്രട്ടറി, പ്രസിഡണ്ട്, സംസ്ഥാന കമ്മറ്റിയംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. സി.പി.ഐ.(എം)ൻറ്റെ ഒഞ്ചിയം ഏരിയാ കമ്മറ്റി അംഗവുമായിരുന്നു.


സിപിഐ(എം)ൽ കടുത്ത ആശയസംഘർഷങ്ങളും വിഭാഗീയതയും നിലനിന്നിരുന്ന കാലഘട്ടത്തിൽ വി.എസ് അച്യുതാനന്ദൻറ്റെ അനുഭാവിയായിരുന്നു ചന്ദ്രശേഖരൻ. വി.എസ് അനുയായികളെ തിരഞ്ഞുപിടിച്ചു പുകച്ചു പുറത്തുചാടിക്കുന്ന പ്രക്രിയയിൽ 2009-ൽ  ചന്ദ്രശേഖരനും പാർട്ടിക്ക്‌ പുറത്തായി. സിപിഐ(എം) വിമതർ ഒത്തുകൂടി റവലൂഷണറി മാർക്സിസ്റ്റ് പാർട്ടി (ആർ.എം.പി) എന്ന രാഷ്ട്രീയപ്പാർട്ടിക്കു രൂപം കൊടുത്തു മാർക്സിസ്റ്റ് പാർട്ടിയിലെ ആശയസമരം തുടർന്നു. വി.എസ് അച്യുതാനന്ദന്റെ സാന്നിദ്ധ്യത്തിൽതന്നെ ഒത്തുതീർപ്പുചർച്ചകൾ നടന്നുവെങ്കിലും പാർട്ടിയിൽനിന്നും പുറത്തായവർക്കു തിരിച്ചുവരാൻ അവസ്സരം ഉണ്ടായില്ല. തുടർന്ന് 2009-ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ റവലൂഷണറി മാർക്സിസ്റ്റ് പാർട്ടിയുടെ സ്ഥാനാർത്ഥിയായി ടി.പി ചന്ദ്രശേഖരൻ മത്സരിച്ചു. ആ തെരഞ്ഞെടുപ്പിൽ ചന്ദ്രശേഖരൻ 21833 വോട്ടുകൾ നേടി. തെരഞ്ഞെടുപ്പിലെ ചന്ദ്രശേഖരൻറ്റെ സാന്നിധ്യം വടകരയിലെ സി.പി.ഐ.എം സ്ഥാനാർത്ഥി അഡ്വ: പി. സതീദേവിയുടെ പരാജയത്തിൽ കലാശിച്ചു.


56186 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ മുല്ലപ്പള്ളി രാമചന്ദ്രൻ വിജയിച്ചു. ചന്ദ്രശേഖരൻകൂടി മത്സരത്തിൽ

പങ്കെടുത്തതുകൊണ്ടാണ് സി.പി.ഐ(എം) സ്ഥാനാർത്ഥി പരാജയപ്പെട്ടതെന്നു പ്രാദേശിക നേതൃത്വം റിപ്പോർട്ട് ചെയ്തു. തുടർന്ന് നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഓഞ്ചിയം പഞ്ചായത്ത് ഭരണം ആർ.എം.പി ഒറ്റയ്ക്ക് നേടിയത് സി.പി.ഐ(എം)ന് വലിയ തിരിച്ചടിയായി. ടി.പി ചന്ദ്രശേഖരൻ ഉൾപ്പെടെയുള്ള ആർ.എം.പി പ്രവർത്തകർ സി.പി.ഐ(എം)ൻറ്റെ കണ്ണിലെ കരടായി. “കുലംകുത്തികൾ” എന്ന ഇക്കൂട്ടരെ ഒതുക്കിയില്ലെങ്കിൽ സി.പി.ഐ(എം)ന് വലിയ ഭീഷണിയാകും എന്ന് നേതാക്കൾ കരുതി.


2012 മേയ് 4-ന് ടി.പി ചന്ദ്രശേഖരൻ അത്യന്തം മൃഗീയമായി കൊലചെയ്യപ്പെട്ടു. ഒരു ക്വൊട്ടേഷൻ സംഘമാണ് കൊലപാതകം നടത്തിയതെങ്കിലും കൊലപാതകം നടത്തിയവരിൽ രണ്ടുമൂന്നു സിപിഐ(എം) നേതാക്കളുമുണ്ട്. ഈ പ്രദേശത്തു ഒരു കൊലപാതകം നടത്തുന്നതിന് സിപിഐ(എം) എന്ന പാർട്ടിക്ക്‌ ക്വൊട്ടേഷൻ സംഘത്തെ ആവശ്യമില്ലെങ്കിലും കൊലയിൽ പ്രൊഫഷണലിസം നിഴലിക്കാനാണ് 35 ലക്ഷം രൂപാ കൊടുത്ത് ക്വൊട്ടേഷൻ സംഘത്തെ കൂട്ടിയതെന്നു കരുതപ്പെടുന്നു. ചന്ദ്രശേഖരന്റെ ശരീരത്ത് 51 വെട്ടുകൾ ഏറ്റിരുന്നുവെന്നാണ് പോലീസ് പറയുന്നത്. അത് പ്രതീകാൽമകമാണ്; 51 വയസ്സുള്ള ചന്ദ്രശേഖരന് 51 വെട്ട്. പാർട്ടിയിൽ വർധിച്ചുവരുന്ന വിഭാഗീയതക്കും കൊഴിഞ്ഞുപോക്കിനും തടയിടാനാണ് ഇത്ര ആസൂത്രിതമായി ആരിലും ഭീതി ജനിപ്പിക്കുന്ന രീതിയിൽ കൊലപാതകം നടത്തിയത്.


മടുത്തു, മതിയായി. ഒരു കമ്യുണിസ്റ്റുകാരൻ എന്നറിയപ്പെടുന്നതിലും സഖാവ് എന്ന് വിളിക്കപ്പെടുന്നതിലും വലിയ അഭിമാനമായിരുന്നു. വർഷങ്ങളോളം ജിദ്ദാ നവോദയയുടെ ഫൈസലിയാ ഏരിയാ സെക്രട്ടറിയായിരുന്നപ്പോഴും സെൻട്രൽ കമ്മിറ്റി അംഗമായിരുന്നപ്പോഴുമൊക്കെ വലിയ പ്രതീക്ഷ ഈ പാർട്ടിയിൽ അർപ്പിച്ചിരുന്നു. പക്ഷെ, കമ്മ്യുണിസം പറച്ചിലിൽ മാത്രമേയുള്ളുവെന്ന് വളരെ വ്യക്തമായി. പേരിൽ കമ്മ്യുണിസം ഉണ്ടെങ്കിലും പാർട്ടി കമ്യുണിസത്തിൽനിന്നും എത്രയോ അകലെയാണെന്നും ഇപ്പോൾ ബോധ്യപ്പെട്ടു. ഒരു വ്യക്തിക്ക് പാർട്ടിയുടെ നിലപാടുകളോട് യോജിക്കാൻ സാധിക്കാതെ വരുമ്പോൾ പുറത്തുപോയി തന്റെ ആശയങ്ങൾക്ക് യോജിക്കുന്ന രീതിയിലുള്ള ഒരു പാർട്ടി രൂപീകരിക്കുന്നതും തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതും വധശിക്ഷ അനുഭവിക്കേണ്ട കുറ്റങ്ങളായി കാണാൻ കഴിയുന്നില്ല. പാർട്ടിയംഗമായിരുന്നുകൊണ്ട് പാർട്ടിവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതല്ലേ തെറ്റ്? ഈ പാർട്ടിയിൽ അംഗമായിരിക്കുന്നവർ മരണം വരേയും ഈ പാർട്ടിയിൽ നിൽക്കണമെന്ന വാശി ഒരു ജനാധിപത്യവ്യവസ്ഥിതിയിൽ പ്രവർത്തിക്കുന്ന പാർട്ടിക്ക്‌ ഭൂഷണമാണോ? സഹജീവികളുടെ ചോരകൊണ്ടുള്ള ഈ കളി കണ്ടുകൊണ്ട് നിർവികാരനായി നിൽക്കാൻ കഴിയുന്നില്ല. അപമാനഭാരത്താൽ തല കുനിഞ്ഞുപോകുന്നു. 




Rivalry between V.S Achuthanandan and Pinari Vijayan


Crisis in CPI(M) deepens