വരവേൽക്കാം ത്യാഗസമ്പന്നമായ ഓണത്തെ
യു.എ.ഇ വാഗ്ദാനം ചെയ്‌ത 770 കോടി നഷ്ടമാകുമോയെന്ന് ആകുലപ്പെടാതെ എങ്ങിനെ ദുരന്തബാധിതരെ സഹായിക്കാൻ പറ്റുമെന്നാലോചിച്ച് ഒറ്റക്കെട്ടായി മലയാളികൾ സർക്കാരിനൊപ്പം നിൽക്കേണ്ട സമയമാണിത്. വിവാദങ്ങൾക്കു പിറകേ പോയി വിലയേറിയ സമയം നാം പാഴാക്കരുത്. രാഷ്ട്രീയ മുതലെടുപ്പ് ലക്‌ഷ്യം വെച്ചുകൊണ്ട് അനാവശ്യ ആരോപണങ്ങൾ ഈ സമയത്ത് ഉന്നയിക്കുന്നത് കഷ്ടനഷ്ടങ്ങളുടെ ആഘാതം ഉൾക്കൊണ്ടുകൊണ്ട് ഉയിർത്തെഴുനേൽക്കാൻ ശ്രമിക്കുന്ന ഒരു ജനതയുടെയും സന്നദ്ധ പ്രവർത്തകരുടെയും ആൽമവീര്യം കുറക്കുവാനേ ഉപകരിക്കൂ.
പാളിച്ചകൾ ഉണ്ടായിട്ടുണ്ടാവും. പക്ഷെ, കഴിഞ്ഞ കുറെ സംവത്സരങ്ങളായി നാം പിന്തുടരുന്ന ചില രീതികൾ പിന്തുടർന്നു എന്നതു മാത്രമാണ് പാളിച്ചയെന്നും നാം മനസ്സിലാക്കണം. ഇപ്പോഴത്തെ സർക്കാർ അധികാരം ഏറ്റെടുത്തയുടനെതന്നെ അണക്കെട്ടുകളിൽ ജലം സംഭരിക്കുന്നതിനും അണക്കെട്ടുകൾ തുറന്നുവിടുന്നതിനും നേരത്തെ അവലംബിച്ച രീതികൾ മാറ്റിവെച്ചിട്ടു പുതിയ നിയമങ്ങൾ കൊണ്ടുവരണമായിരുന്നുവെന്നു പറയുന്നത് തികച്ചും ബാലിശമാണ്. മാറ്റങ്ങൾ അനിവാര്യമാണ്. അനുഭവത്തിൽ നിന്നും പാഠങ്ങൾ പഠിച്ചു കൂടുതൽ പ്രകൃതിസൗഹൃദമായ നയങ്ങൾ ഈ മേഖലയിൽ ആവിഷ്കരിക്കേണ്ടിയിരിക്കുന്നുവെന്ന യാഥാർഥ്യമാണ് നാം ഉൾക്കൊള്ളേണ്ടത്.
ഈ സർക്കാർ വരുന്നതിനു മുൻപുണ്ടായിരുന്ന ഉമ്മൻ ചാണ്ടി സർക്കാർ ആയിരുന്നു ഈ ദുരന്ത സമയത്ത് ഭരണത്തിൽ ഉണ്ടായിരുന്നതെങ്കിൽ ഇതിലും മെച്ചമായ രീതിയിൽ കാര്യങ്ങൾ കൈകാര്യം ചെയ്യുമായിരുന്നുവെന്ന് ആരും കരുതുന്നില്ല. മാത്രമല്ല, ഇപ്പോൾ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഒരു വിഭാഗത്തിനെ ഇത്രയും കാര്യക്ഷമമായി ചലിപ്പിക്കുവാൻ ആ ഗവൺമെന്റിന് കഴിയുമായിരുന്നോ എന്ന കാര്യത്തിൽ വലിയ സംശയവുമുണ്ട്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ അവസാന കാലഘട്ടം ഒരു സൂചികയായി എടുത്താൽ സർക്കാർ വകുപ്പുകൾ പോലും ഇത്രയും കാര്യക്ഷമമായി സമയോചിതമായ ഇടപെടലുകൾ നടത്തുവാൻ കഴിയുംവിധം ചലനാൽമാകമാകില്ലായിരുന്നു എന്നുതന്നെ കരുതേണ്ടി വരും. ആ സ്ഥിതിക്ക് ഈ ദുരന്തം മനുഷ്യനിർമ്മിതമാണെന്നും അതിനുത്തരവാദി ഇപ്പോഴത്തെ സർക്കാരാണെന്നും കുറ്റപ്പെടുത്തുന്നത് ദുരുപദിഷ്ടിതവും തരം താണ രാഷ്ട്രീയവുമാണ്.
നാമിപ്പോൾ അവശ്യം ചെയ്യേണ്ടത് ദുരിതം അനുഭവിക്കുന്നവരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും അവർക്ക് പ്രതിഫലേച്ഛ കൂടാതെ എല്ലാ സഹായവും ചെയ്തു കൊടുക്കുകയുമാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കഴിയുന്നിടത്തോളം പണം സമാഹരിക്കണം. വിദേശ രാജ്യങ്ങളുടെ സഹായത്തെ മാത്രം തൃക്കൺ പാർക്കാതെ വിദേശ രാജ്യങ്ങളിലുള്ള ഇന്ത്യക്കാരുടെയും വിദേശത്തുള്ള മലയാളികളുടെയും വ്യക്തിപരമായ സഹായങ്ങൾ നേരിട്ടു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എത്തിക്കാൻ ശ്രമിക്കണം. സർക്കാർ എല്ലാ ഓണാഘോഷങ്ങളും ഒഴിവാക്കിയിരിക്കുന്നതുപോലെ ഓരോ മലയാളിയും ഈ വർഷം പതിവു പോലെയുള്ള ഓണാഘോഷം ഒഴിവാക്കി ആ പണം കൂടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്യുമെന്നു പ്രതിജ്ഞയെടുക്കണം.
ഓണാഘോഷത്തോടൊപ്പം മദ്യം ഒഴിവാക്കേണ്ടതിനു മറ്റൊരു കാരണം കൂടിയുണ്ട് . 441 കോടി രൂപയുടെ മദ്യം 2017 ലെ ഓണത്തിന് കേരളത്തിൽ ചെലവായി. ഇത്തവണ അത് 500 കോടി കവിയുമെന്നായിരുന്നു കണക്കുകൂട്ടൽ. ഈ കണക്കുകൂട്ടൽ മലയാളി തെറ്റിക്കേണ്ടിയിരിക്കുന്നു. കാരണം ഈ കണക്കുകൾ കേരളത്തിലെ മാധ്യമങ്ങളിൽ മാത്രമല്ല വരുന്നത്. യൂ.എ.ഇ യിലെയും മറ്റു ഗൾഫ് രാജ്യങ്ങളിലെയും തദ്ദേശീയ മാധ്യമങ്ങളിലും ഈ വാർത്തകൾ വരാറുണ്ട്. തങ്ങൾ 770 കോടി രൂപാ ദുരിതാശ്വാസത്തിനായി കൊടുത്ത ഒരു നാട്ടിലെ ജനത ആ ദുരന്ത സമയത്തുപോലും 500 കോടിയുടെ മദ്യം അകത്താക്കിയെന്നു ഒരേ പത്രത്തിൽ കൂടി ആ നാട്ടിലെ പൗരന്മാർ വായിച്ചറിയേണ്ടിവരുന്നത് അങ്ങേയറ്റം ദുഖകരമാണ്. അതുകൊണ്ട്, അതൊഴിവാക്കി ആ പണം കൂടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു ചെന്നു ചേരട്ടെയെന്നു അൽമാർത്ഥമായി ആഗ്രഹിച്ചുപോകുന്നു.
23-Aug-2018
Mathews Jacob
www.mathewsjacob.in