Skip to main content

വിദേശ സഹായം അനിവാര്യമോ?

വിദേശ സഹായം അനിവാര്യമോ?


കേരളത്തിലെ വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനു വിദേശ രാജ്യങ്ങൾ വാഗ്ദാനം ചെയ്ത ധനസഹായം കേന്ദ്രസർക്കാർ നിരാകരിച്ചത് വലിയ വിവാദമായിരിക്കയാണ്.

കേന്ദ്രസർക്കാർ വെളിപ്പെടുത്തിയത് ഇന്ത്യാമഹാരാജ്യം 2004 ഡിസംബർ മുതൽ ഇന്നലെ വരെ പിന്തുടർന്നിരുന്ന നയമാണ്. 2004 ഡിസംബർ 26-നു സുനാമി ദുരന്ത സമയത്ത് ഇപ്പോൾ ലഭിച്ചപോലെയുള്ള സഹായ വാഗ്ദാനങ്ങൾ പല വിദേശ രാജ്യങ്ങളിൽ നിന്നും ലഭിക്കുകയുണ്ടായി. ഇന്ത്യ അവയെല്ലാം വിനയപൂർവ്വം നിരസിച്ചുവെന്നു മാത്രമല്ല സുനാമിമൂലം കഷ്ടത അനുഭവിച്ച മറ്റു പല രാജ്യങ്ങളെ സഹായിക്കുകയും ചെയ്തു.

2004 നു മുൻപ് ഇങ്ങിനെയുള്ള സാഹചര്യങ്ങളിൽ ഇന്ത്യ വിദേശസഹായം സ്വീകരിച്ചിരുന്നു. 1991 ലെ ഉത്തർകാശി ഭൂകമ്പം, 1993 ലെ ലത്തൂർ ഭൂകമ്പം, 2001 ലെ ഗുജറാത്ത് ഭൂകമ്പം, 2004 ജൂലൈയിലെ ബീഹാർ വെള്ളപ്പൊക്കം മുതലായ ഭീകര ദുരന്തങ്ങളിൽ ഇന്ത്യ വിദേശ സഹായം സ്വീകരിച്ചിരുന്നു.  എന്നാൽ, 2005 ലെ കാശ്മീർ ഭൂകമ്പം, 2013 ലെ ഉത്തരാഖണ്ഡ് ഭൂകമ്പം 2014 ലെ കാശ്മീർ വെള്ളപ്പൊക്കം മുതലായ അതിഭീകര ദുരന്തം നേരിടുന്ന സമയത്ത് ഇന്ത്യ 2004 ഡിസംബറിൽ മൻമോഹൻസിംഗ് സർക്കാർ എടുത്ത തീരുമാനം പിന്തുടർന്നു എല്ലാ വിദേശസഹായങ്ങളും വിനയപൂർവ്വം നിരസിച്ചു. ഇപ്പോൾ കേരളം നേരിടുന്ന വെള്ളപ്പൊക്ക ദുരന്തം കേരളത്തെ സംബന്ധിച്ചിടത്തോളം സമാനതകളില്ലാത്തതാണെങ്കിലും ഇന്ത്യാ രാജ്യത്തിന് ഇത് ആദ്യത്തെ അനുഭവമല്ലല്ലോ. ഇങ്ങിനെയുള്ള സാഹചര്യങ്ങളിൽ മുൻപ് പിന്തുടർന്ന നയം തുടരുമെന്ന് പറയുവാനല്ലാതെ ഒരു സർക്കാരുദ്യോഗസ്ഥനോ മന്ത്രിക്കോ ഇഷ്ടംപോലെ നിലപാടുകൾ മാറ്റുവാൻ പറ്റും എന്ന് തോന്നുന്നില്ല.

ഇന്ത്യയെപ്പോലെയൊരു രാജ്യത്തിന് വിദേശ സഹായം സ്വീകരിക്കുന്നതിൽ വേർതിരിവ് കാണിക്കുവാൻ പറ്റില്ല. അത് രാജ്യാന്തര ബന്ധങ്ങൾ വഷളാക്കുവാൻ ഇടയാക്കും. എല്ലാ  രാജ്യങ്ങളോടും ഇക്കാര്യത്തിൽ ഒരേ നിലപാട് സ്വീകരിക്കേണ്ടതായി വരും.

ദുരന്തങ്ങളിൽ വിദേശസഹായം ഇനി സ്വീകരിക്കില്ലായെന്നു 2004 ഡിസംബറിൽ മൻമോഹൻസിംഗ് സർക്കാർ തീരുമാനം എടുക്കുമ്പോൾ ഞാൻ സൗദി അറേബ്യയിലായിരുന്നു. അന്ന് ആ തീരുമാനത്തെ അങ്ങേയറ്റം അംഗീകരിക്കുകയും വാഴ്ത്തുകയും ചെയ്ത ഒരു വ്യക്തിയെന്ന നിലയിൽ ഇപ്പോഴും അതിൽ മാറ്റം വരുത്തേണ്ട ആവശ്യമില്ലായെന്നു തന്നെയാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. നമ്മൾ കരുതുന്നപോലെ ഒരു ദരിദ്ര രാജ്യമല്ല ഇന്ത്യ എന്നു ഞാൻ ഉറച്ചു വിശ്വസിക്കുന്നു. ദരിദ്രർ ഉണ്ടാവും. അത് നമ്മുടെ സംവിധാനങ്ങളുടെ അപാകത മൂലമാണ്.  യുദ്ധസാമഗ്രികൾ വാങ്ങുവാൻ ചിലവിടുന്നതിന്റെ പത്തിലൊന്നുപോലും ഇങ്ങിനെയുള്ള ദുരന്തങ്ങളിൽ താറുമാറായ റോഡുകളും പാലങ്ങളും നവീകരിക്കുവാൻ വേണ്ടി വരില്ല. അത് വിദേശ രാജ്യങ്ങളിൽ നിന്നും കൈ നീട്ടി വാങ്ങുന്നത് ഒരിക്കലും നാടിനോ നാട്ടുകാർക്കോ അഭിമാനകരമാകില്ല.


വിദേശ സഹായം വാങ്ങാതിരുന്നാൽ മറ്റൊരു ഗുണം കൂടിയുണ്ടാവും. ഫണ്ട് ദുർവിനിയോഗം നമ്മുടെ ഒരു  തീരാശാപമാണല്ലോ. സുനാമി പുനർനിർമ്മാണ വേളയിലും ഓഖി ദുരിതാശ്വാസത്തിലുമെല്ലാം നാം അത് കണ്ടതാണ്. എത്ര സൂഷ്മതയോടെ കൈകാര്യം ചെയ്താലും ഈ പുനർനിർമ്മാണ പ്രക്രിയയിലും അതുണ്ടാവും. വിദേശ സഹായം വാങ്ങി പുട്ടടിച്ചുവെന്ന പേരുദോഷം ഒഴിവാക്കേണ്ടതാണ്. വാങ്ങാതിരുന്നാൽ അത്രയും നല്ലത്.

18-Aug-2018
Mathews Jacob
www.mathewsjacob.in