Skip to main content

നാം എന്തു പഠിച്ചു?

നാം എന്തു പഠിച്ചു?


1924 ലെ മഹാ പ്രളയമാണ് ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ഏറ്റവും വലിയ വെള്ളപ്പൊക്കം. കൊല്ലവർഷം 1099 ൽ സംഭവിച്ചതുകൊണ്ട് 99 ലെ പ്രളയം എന്ന് അറിയപ്പെടുന്നു. അതിലും വലിയ, അതിലും പ്രഹരശേഷി കൂടിയ പ്രളയമാണ് ഇപ്പോൾ കേരളത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് പ്രായമായ, അറിവും ഓർമ്മയുമുള്ള മഹാരഥന്മാർ നമ്മെ ഓർമ്മപ്പെടുത്തുന്നു.

മഹാപ്രളയത്തിന് കാരണം കണ്ടുപിടിക്കുന്നതിൽ പോലും നമ്മുടെ സമൂഹത്തിൻറ്റെ പല തരത്തിലുമുള്ള വേർതിരിവ് പ്രകടമാണ്. കർദിനാൾ ആലഞ്ചേരി പിതാവിനെ അകാരണമായി ക്രൂശിക്കാൻ തുനിഞ്ഞതിൻറ്റെയും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ടി വി  ചർച്ചകൾ സംഘടിപ്പിക്കുന്നതിൻറ്റെയും എതിരായുള്ള ദൈവകോപമാണെന്ന് ക്രൈസ്തവരിൽ ഒരു വിഭാഗം പറയുമ്പോൾ, കുമ്പസാര രഹസ്യങ്ങൾ വെച്ച് വിലപറഞ്ഞു സ്ത്രീപീഡനം നടത്തിയ വൈദീകർക്കെതിരെ നിലപാടുകളെടുക്കുകയും അവരെ മാധ്യമ വിചാരണനടത്താൻ തുനിഞ്ഞതും ഈ ദൈവകോപത്തിനു കാരണമായെന്ന് മറ്റൊരു വിഭാഗം വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. കുമ്പസാരം തന്നെ ഒഴിവാക്കേണ്ടതാണെന്ന് വാദിച്ച ഒരു കൂട്ടം ക്രിസ്‌തുനിഷേധികൾക്കുള്ള ദൈവത്തിൻറെ ചുട്ട മറുപടിയാണിതെന്ന് മറ്റൊരു വിഭാഗവും നിലപാടെടുക്കുന്നു. ശബരിമല അയ്യപ്പനെ ദർശിച്ചേ അടങ്ങൂയെന്ന് ചില സ്ത്രീകൾ വാശി പിടിച്ചതും സുപ്രീം കോടതിയിൽ വരെ കേസിനു പോയതും കേസ് ഏതാണ്ട് അവരുടെ വഴിക്ക് പോകുന്നതുമൊക്കെ ഈ വിപത്തിനു കാരണമായെന്നു മറ്റൊരു കൂട്ടർ. പമ്പയിലും സന്നിധാനത്തിലുമൊക്കെ വെള്ളം കയറി പുരുഷന്മാർക്കുപോലും അയ്യപ്പദർശനം നടത്താൻ പറ്റാത്ത അവസ്ഥ സംജാതമായിരിക്കുന്നത് ഇതിനു തെളിവായി അവർ എടുത്തു കാണിക്കുകയും ചെയ്യുന്നു. ആകെപ്പാടെ പണ്ട് കുരുടന്മാർ ആനയെ കണ്ടതിനു സമാനമായ അവസ്ഥ.

എത്ര അഭ്യസ്തവിദ്യരെന്നു മേനി നടിച്ചാലും ആവറേജ് മലയാളി അന്ധവിശ്വാസത്തിൻറ്റെ പിറകേതന്നെ പോകുമെന്നുള്ള പരാമർത്ഥത്തിനു അടിവരയിടുന്നതാണ് ഈ പ്രതികരണങ്ങൾ. എങ്കിലും, ശാസ്ത്രീയമായ അപഗ്രഥനങ്ങൾക്കാണ് മാധ്യമങ്ങൾ ഇടം കൊടുക്കുന്നതെന്നുള്ളത് ശുഭോദർക്കമായ സംഗതിയാണ്.

പുഴകൾ കരകവിഞ്ഞൊഴുകിയതാണല്ലോ എല്ലാ ദുരിതങ്ങൾക്കും നിദാനം. പുഴകൾ കരകവിഞ്ഞൊഴുകാൻ കാരണമെന്താണ്?

1) അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ലാത്ത വിധത്തിലുള്ള തോരാത്ത മഴയും നീരൊഴുക്കും
2) വേണ്ടത്ര മുന്നറിയിപ്പില്ലാതെ മുപ്പത്തിമൂന്നോളം വരുന്ന ഡാമുകൾ ഏതാണ്ട് ഒരേസമയം പുഴകളിലേക്കു തുറന്നു വിട്ടത്

പ്രധാനമായും പ്രളയത്തിൻറ്റെ കാരണങ്ങൾ ഇവയാണെന്നു കാര്യങ്ങൾ ശാസ്ത്രീയമായി പഠിക്കുന്ന ഏതു വിദ്യാർത്ഥിക്കും മനസ്സിലാകും. ആദ്യത്തെ കാരണം- പേമാരി- മനുഷ്യനിയന്ത്രണങ്ങൾക്കതീതമാണ്. തന്നെയല്ല, കഴിഞ്ഞ കുറെ വർഷങ്ങളായി മഴയ്ക്കുവേണ്ടി പ്രാർത്ഥനയിലായിരുന്നു ജലക്ഷാമം അനുഭവിച്ചുകൊണ്ടിരുന്ന കർഷകരും ജനങ്ങളും.

രണ്ടാമത്തെ കാരണം മനുഷ്യനിർമ്മിതമാണ്. ഇതിൽ ദൈവത്തിനോ പ്രകൃതിക്കോ ഒരു പങ്കുമില്ല.
1924 ൽ ഇതിലും വലിയ പേമാരി ഉണ്ടായപ്പോൾ ഇത്രയും വലിയ വെള്ളപ്പൊക്കം ഉണ്ടാകാതിരുന്നതും മരണസംഖ്യ ഇത്രത്തോളം ഉയരാതിരുന്നതും എന്തുകൊണ്ടാണ്?

1) അന്ന് നദികളിൽ നാം അണക്കെട്ടുകൾ പണിഞ്ഞിട്ടില്ലായിരുന്നു.
2) ഒഴുക്കിനു തടസ്സം ഇല്ലാതിരുന്നതുകൊണ്ട് നദികൾ അവയുടെ പൂർണ്ണരൂപത്തിൽ വിസ്തൃതമായി ഒഴുകിക്കൊണ്ടിരുന്നു.
3) എല്ലാ നദികൾക്കും വിസ്തൃതമായ നദീതീരം (river bank) ഉണ്ടായിരുന്നു.


നാം അണക്കെട്ടുകൾ പണിഞ്ഞ് നദികളുടെ ഒഴുക്ക് തടസപ്പെടുത്തിയതുകൊണ്ടും മഴയുടെ അളവ് കാലാവസ്ഥാ വ്യതിയാനം മൂലം കുറഞ്ഞതുകൊണ്ടും നദികൾ ശോഷിച്ചു. ചിലയിടത്തൊക്കെ മണൽവാരുന്ന കുഴികളിലെ ചെറിയ വെള്ളക്കെട്ടുകൾ മാത്രമായി നദികൾ മാറി. ഇനി ഒരിക്കലും നദികൾ പുനർജ്ജനിക്കില്ലാ യെന്ന് നാം വിധിയെഴുതി. വെറുതെയെന്തിനു സ്ഥലം പാഴാക്കണമെന്നു കരുതി അതി ബുദ്ധിമാന്മാരും സമർത്ഥരുമായ നാം നദികളുടെയും പുഴകളുടെയും സ്ഥലം കൈവശപ്പെടുത്തി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി.

ഓർക്കാപ്പുറത്തു മഴ കനത്തപ്പോൾ അണക്കെട്ടുകൾ അവയുടെ വക്കോളം നിറയുന്നത് കണ്ട് സായൂജ്യം അടയുവാൻ നാം മലകയറി. ഡാമുകൾ തുറക്കുന്ന സുന്ദര കാഴ്ച ദർശിക്കുവാൻ നമ്മിൽ ചിലർ മലമുകളിൽത്തന്നെ ദിവസങ്ങളോളം തമ്പടിച്ചു. കാര്യങ്ങൾ കൈവിട്ടുപോകുന്ന തരത്തിൽ മഴ തോരാതെ പെയ്തപ്പോൾ വികൃതിക്കുട്ടികളെപ്പോലെ ഡാമിൻറ്റെ ഷട്ടറുകൾ ഒന്നൊന്നായി തുറന്നുവിട്ടു. ഹാ എന്തു രസം! അപ്പോഴും നാം പരിതപിച്ചു- എത്ര രൂപായാ ആ ഒഴുക്കിക്കളയുന്നതെന്നറിയാമോ? എന്തുമാത്രം കറൻറ്റുണ്ടാക്കാമാരുന്നു!

19-Aug-2018
Mathews Jacob
www.mathewsjacob.in