പതിനേഴാം ലോകസഭാ തെരഞ്ഞെടുപ്പിൻറ്റെ ഫലം വന്നിട്ടു രണ്ടു ദിവസം കഴിഞ്ഞു. സാധരണ കാണാറുള്ള സന്തോഷപ്രകടനങ്ങളോ വിജയാരവങ്ങളോ ആഘോഷങ്ങളോ ഒന്നും എങ്ങും കാണാനില്ല. എങ്ങും മരണവീടുകളിൽ കാണാറുള്ളതുപോലെയുള്ള മൂകത. നമുക്കെന്തു പറ്റി? എന്താണ് നമ്മുടെ സന്തോഷം കെടുത്തുന്നത്? സത്യത്തിൽ കേരളത്തിൽ ഈ തെരഞ്ഞെടുപ്പിൽ ആരും ജയിച്ചില്ല എന്നതുതന്നെയാണ് വസ്തുത; എല്ലാവരും തോറ്റു. ഇങ്ങിനെയൊരു സ്ഥിതിവിശേഷം എൻറ്റെ ഓർമ്മയിൽ ആദ്യമാണ്. 20 ൽ 19 സീറ്റും നല്ല ഭൂരിപക്ഷത്തിൽ ജയിച്ചു വന്ന യു.ഡി.എഫ് അവരുടെ വിജയാഹ്ളാദത്താൽ മെയ് മാസം 23 രാത്രിയും 24 പകലും കൊണ്ട് ഈ കേരളത്തെ പാറശാല വടക്കും കാസർകോട് തെക്കുമായി അക്ഷരാർഥത്തിൽ തിരിച്ചു വെക്കേണ്ടതായിരുന്നു. അത്രമേൽ ആവേശം അണികൾക്ക് നൽകേണ്ട ഉജ്ജ്വല വിജയമായിരുന്നു അവർക്കു ലഭിച്ചത്. പക്ഷെ, നാലര ലക്ഷം വോട്ടിൻറ്റെ ഭൂരിപക്ഷത്തിൽ രാഹുൽ ഗാന്ധി വയനാട്ടിൽ ജയിച്ചപ്പോഴും അമേഠിയിൽ അദ്ദേഹം സ്മൃതി ഇറാനിയോട് അടിയറവു പറഞ്ഞതും കോൺഗ്രസ് ഏറ്റവും വലിയ ഒറ്റ കക്ഷിയാകും രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകും എന്നൊക്കെ വീമ്പടിച്ചിട്ടു ഒരു പ്രതിപക്ഷ നേതാവാകാൻ വേണ്ട 55 സീറ്റ് പോലും നേടാൻ കഴിയാഞ്ഞതും ഉണ്ടാക്കിയ നാണക്കേട്...