Skip to main content

കേരളം പരാജിതരുടെ നാടോ?

പതിനേഴാം ലോകസഭാ തെരഞ്ഞെടുപ്പിൻറ്റെ ഫലം വന്നിട്ടു രണ്ടു ദിവസം കഴിഞ്ഞു. സാധരണ കാണാറുള്ള സന്തോഷപ്രകടനങ്ങളോ വിജയാരവങ്ങളോ ആഘോഷങ്ങളോ ഒന്നും എങ്ങും കാണാനില്ല. എങ്ങും മരണവീടുകളിൽ കാണാറുള്ളതുപോലെയുള്ള മൂകത. നമുക്കെന്തു പറ്റി? എന്താണ് നമ്മുടെ സന്തോഷം കെടുത്തുന്നത്?
സത്യത്തിൽ കേരളത്തിൽ ഈ തെരഞ്ഞെടുപ്പിൽ ആരും ജയിച്ചില്ല എന്നതുതന്നെയാണ് വസ്തുത; എല്ലാവരും തോറ്റു. ഇങ്ങിനെയൊരു സ്ഥിതിവിശേഷം എൻറ്റെ ഓർമ്മയിൽ ആദ്യമാണ്. 20 ൽ 19 സീറ്റും നല്ല ഭൂരിപക്ഷത്തിൽ ജയിച്ചു വന്ന യു.ഡി.എഫ് അവരുടെ വിജയാഹ്ളാദത്താൽ മെയ്‌ മാസം 23 രാത്രിയും 24 പകലും കൊണ്ട് ഈ കേരളത്തെ പാറശാല വടക്കും കാസർകോട് തെക്കുമായി അക്ഷരാർഥത്തിൽ തിരിച്ചു വെക്കേണ്ടതായിരുന്നു. അത്രമേൽ ആവേശം അണികൾക്ക് നൽകേണ്ട ഉജ്ജ്വല വിജയമായിരുന്നു അവർക്കു ലഭിച്ചത്. പക്ഷെ, നാലര ലക്ഷം വോട്ടിൻറ്റെ ഭൂരിപക്ഷത്തിൽ രാഹുൽ ഗാന്ധി വയനാട്ടിൽ ജയിച്ചപ്പോഴും അമേഠിയിൽ അദ്ദേഹം സ്മൃതി ഇറാനിയോട് അടിയറവു പറഞ്ഞതും കോൺഗ്രസ് ഏറ്റവും വലിയ ഒറ്റ കക്ഷിയാകും രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകും എന്നൊക്കെ വീമ്പടിച്ചിട്ടു ഒരു പ്രതിപക്ഷ നേതാവാകാൻ വേണ്ട 55 സീറ്റ് പോലും നേടാൻ കഴിയാഞ്ഞതും ഉണ്ടാക്കിയ നാണക്കേട് കുറച്ചൊന്നുമല്ല. അതുകൊണ്ടു ആഘോഷങ്ങൾ പേരിനുമാത്രവും സന്തോഷം ജയിച്ചവർക്കും അവരുടെ കുടുംബങ്ങളിലും മാത്രവുമായി ചുരുങ്ങി.
ഇടതു പക്ഷത്തിൻറ്റെ സ്ഥിതി പരിതാപകരമാണ്. അഞ്ചു സീറ്റെങ്കിലും പിടിച്ചു മുഖം രക്ഷിക്കാമെന്നു കരുതിയിരുന്നവർക്കു പതിനായിരത്തിൽ താഴെ ഭൂരിപക്ഷവുമായി കടന്നുകൂടിയ ഒരു സീറ്റുമായി ആശ്വാസം കണ്ടെത്തേണ്ടതായി വന്നിരിക്കുന്നു. പ്രളയ ദുരിതാശ്വാസത്തിനു പിരിച്ച പണം പോലും കാര്യമായ ഒരു ദുരിതാശ്വാസത്തിനോ പുനർനിർമ്മാണത്തിനോ ചെലവാക്കാതെ ഇപ്പോഴും പഠനങ്ങൾ മാത്രം നടത്തി തടിതപ്പാൻ ശ്രമിക്കുന്ന സർക്കാർ നവോത്‌ഥാനമെന്ന പേരുപറഞ്ഞു ശബരിമല വിശ്വാസികൾക്കെതിരായി വനിതാ മതിൽ തീർക്കുന്നതിന് കോടികൾ ധൂർത്തടിച്ചത് കേരളത്തിലെ ജനങ്ങൾ രണ്ടു കൈയ്യും നീട്ടി സ്വീകരിക്കുമെന്ന വിശ്വാസത്തിൽക്കഴിഞ്ഞ ആധുനിക നവോത്‌ഥാന നായകർക്ക് മുഖമടച്ചു കിട്ടിയ വലിയ അടിയായി ഈ തെരഞ്ഞെടുപ്പു ഫലം മാറി. പണംകൊണ്ട് എന്തും നേടാം, നവോതഥാന നായകപ്പട്ടം പോലും, എന്ന് കരുതിയവർക്ക് അത് അത്ര ലളിതമല്ലായെന്നും അക്കാര്യങ്ങൾ  പാർട്ടിസ്‌നേഹികൾക്കല്ല മറിച്ചു മനുഷ്യസ്നേഹികൾക്ക് പറഞ്ഞിട്ടുള്ളതാണെന്നും  ബോധ്യപ്പെടാൻ  ജനവിധി പ്രയോജനപ്പെട്ടു. ബംഗാളിലെയും ത്രിപുരയിലെയും കമ്യുണിസ്റ്റ് പാർട്ടിയുടെ അതേ അവസ്ഥയിലേക്കുതന്നെയാണ് കേരളത്തിലെ കമ്യുണിസ്റ്റ് പാർട്ടിയും അതിവേഗം നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന യാഥാർത്ഥ്യം പാർട്ടി അംഗങ്ങളെയും അനുഭാവികളെയും ഒരുപോലെ ഭയപ്പെടുത്തുന്നു, മ്ലാനവദനരാക്കുന്നു. രാജാവ് നഗ്നനാണെന്ന് പറയാൻ ധൈര്യമുള്ളവരാരും ആ പാർട്ടിയിലില്ലായെന്ന യാഥാർത്ഥ്യം കേന്ദ്രീകൃത ജനാധിപത്യമെന്ന പേരിൽ അടിമവ്യവസ്ഥ എത്രനാൾ വേണമെങ്കിലും തുടരാൻ കഴിയും എന്ന മിഥ്യാബോധം പാർട്ടി നേതൃത്വത്തിനു നൽകുന്നുണ്ട്. സ്വാഭാവികമായും, അവിടെയും ആഘോഷങ്ങൾക്കോ സന്തോഷ പ്രകടനങ്ങൾക്കോ ഒരു സ്ഥാനവുമില്ലല്ലോ.
കുറഞ്ഞ പക്ഷം തിരുവനന്തപുരം, ഒത്താൽ പത്തനംതിട്ടയും കൂടി എന്ന് കണക്കു കൂട്ടിയിരുന്ന ബി ജെ പിക്കും ഒട്ടും ആഹ്‌ളാദം തെരഞ്ഞെടുപ്പു ഫലം നൽകുന്നില്ല. ശബരിമല പ്രശ്നം കൈകാര്യം ചെയ്തതിൽ പിഴവുണ്ടായിയെന്ന ആരോപണം പാർട്ടി സംസ്ഥാന നേതൃത്വത്തിനെതിരെ സ്വാഭാവികമായും ഉയരും. പരാജയ കാരണങ്ങൾ കേന്ദ്ര നേതൃത്വത്തിനോട് വിശദീകരിക്കുന്നതിനും സംസ്ഥാന നേതൃത്വം ഒത്തിരി വിയർപ്പൊഴുക്കേണ്ടി വരും.
എങ്കിലും എല്ലാവർക്കും ആഹ്ളാദിക്കാനായി ഒന്നും ഇല്ലേ? തുക്കട രാഷ്ട്രീയ ചിന്തകൾക്കും അധമ പ്രാദേശിക വികാരങ്ങൾക്കും ഉപരിയായി ഇന്ത്യ എന്ന വികാരത്തെ പ്രതിഷ്ഠിച്ചാൽ ഒരു ഇന്ത്യക്കാരന്  ആഹ്ളാദിക്കാനും ആഘോഷിക്കാനും ധാരാളം കാരണങ്ങൾ ഈ തെരഞ്ഞെടുപ്പു ഫലം നൽകുന്നുണ്ട്. പ്രതിപക്ഷ പാർട്ടികളിൽ കൂടുതൽ ഐക്യം ഉണ്ടായിരുന്നുവെങ്കിൽ ഒരു പക്ഷെ അവർ അധികാരത്തിൽ വരുമെന്ന് ഒരു പ്രതീതി സൃഷ്ടിക്കാൻ കഴിഞ്ഞേനെ. എങ്കിൽ എൻ.ഡി.എ യുടെ സീറ്റ് നില ഇപ്പോഴത്തേതിലും 80-100 കുറയ്ക്കാൻ കഴിഞ്ഞേനെ. അതായതു 250 മുതൽ 270 സീറ്റ് വരെ എൻ.ഡി.എ നേടി സർക്കാർ രൂപീകരിക്കാൻ കുറെ സീറ്റുകളുടെ കുറവിൽ ഒരു അനിശ്ചിതാവസ്ഥ രാജ്യത്ത് ഉടലെടുക്കുന്ന ദുര്യോഗം. എല്ലാ പാർട്ടികൾക്കും മുന്നണികൾക്കും ചാക്കിട്ടു പിടുത്തവും കുതിരക്കച്ചവടവും നടത്താൻ പറ്റുന്ന ഒരവസ്ഥ. കർണാടക മോഡലിൽ ഒരു സർക്കാരും രൂപീകരിച്ചുവെന്ന് കരുതുക. എന്താവുമായിരുന്നു ഇന്ത്യയുടെ ഭാവി? അങ്ങിനെയുള്ള അപകടസാധ്യതകൾ ഒഴിവാക്കി 350 സീറ്റുകളുടെ പിൻബലത്തിൽ സ്ഥിരതയുള്ള ഒരു സർക്കാർ രൂപീകരിക്കാൻ ആവശ്യമായ ജനവിധി ഇന്ത്യൻ ജനത നൽകിയത് ആഹ്ളാദിക്കാനും ആഘോഷിക്കാനും ഉള്ള കാര്യമല്ലേ?
ആക്രമിക്കാൻ ഒരു ബലഹീന നിമിഷം നോക്കി തക്കം പാർത്തിരിക്കുന്ന ശത്രുക്കൾ അയൽക്കാരായുള്ള ഒരു രാജ്യത്ത് എപ്പോൾ വേണമെങ്കിലും താഴെ വീഴാം എന്ന നിലയിലുള്ള കർണാടക മോഡൽ സർക്കാരിനേക്കാൾ അഭികാമ്യം സ്ഥിരതയുള്ള കെട്ടുറപ്പുള്ള സർക്കാർ തന്നെയാണ്. അങ്ങിനെയുള്ള ഒരു സർക്കാരിന് നേതൃത്വം കൊടുക്കാൻ നരേന്ദ്ര മോദിയെപ്പോലെയുള്ള ഒരു വ്യക്തിയെ ലഭിക്കുകയെന്നുള്ളത് നമ്മുടെ രാജ്യത്തിന്റെ പുണ്യമാണ്. ഓരോ രാജ്യസ്നേഹിക്കും ആഹ്ളാദിക്കാനും  ആഘോഷിക്കാനുമുള്ള സമയമാണിത്. രാജ്യത്തെ സൈനികരും കർഷകരും സംരംഭകരും സർക്കാരുദ്യോഗസ്ഥരും മുതിർന്ന പൗരന്മാരും പെൻഷനേഴ്സും കുടുംബിനികളും യുവാക്കളും യുവതികളും വിദ്യാർത്ഥികളും ആഹ്ളാദിക്കുന്ന, ആഘോഷിക്കുന്ന ഈ അവസരം മലയാളി ദുഃഖാചരണത്തിനും  മൗനവ്രതത്തിനും തെരഞ്ഞെടുത്തത് തികച്ചും അനുചിതമാണ്.

Mathews Jacob
www.mathewsjacob.com
+917907202897
26-May-2019