Skip to main content

ഇന്നത്തെ ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ - ഒരവലോകനം

കേരളാ നിയമസഭയിലേക്ക് ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ചു മണ്ഡലങ്ങളിൽ രണ്ടിടത്തു എൽ.ഡി .എഫും മൂന്നിടത്തു യു.ഡി.എഫും വിജയിച്ചു. മഞ്ചേശ്വരത്തു MLA യുടെ നിര്യാണം മൂലമാണ് ഉപതെരഞ്ഞെടുപ്പ് നടന്നതെങ്കിൽ വട്ടിയൂർക്കാവിലും കോന്നിയിലും അരൂരിലും എറണാകുളത്തും ആ മണ്ഡലങ്ങളിലെ MLA മാർ ഏപ്രിലിൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളായി മത്സരിച്ച് വിജയിച്ച് എംപി മാർ ആയതു മൂലമാണ് ഉപതെരഞ്ഞെടുപ്പു ആവശ്യമായി വന്നത്. മഞ്ചേശ്വരം യുഡിഫ് നിലനിർത്തിയപ്പോൾ ദീർഘകാലം അവരുടെ സിറ്റിംഗ് സീറ്റുകളായിരുന്ന വട്ടിയൂർക്കാവും കോന്നിയും അവർക്കു നഷ്ടമായി. വലിയ ഭൂരിപക്ഷത്തിൽ നിലനിർത്തിപ്പോന്ന എറണാകുളത്ത് യുഡിഎഫ്  ഞെങ്ങി ഞെരുങ്ങി കഷ്ടിച്ചു കടന്നുകൂടി. കേരളപിറവിക്കു ശേഷം എൽഡിഎഫ്  തുടർച്ചയായി വിജയിച്ചുപോന്ന അരൂർ അവർക്കും നഷ്ടപ്പെട്ടു.

MLA മാരായി തെരഞ്ഞെടുക്കപ്പെടുന്നവർ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും ചെലവേറിയ ഉപതെരഞ്ഞെടുപ്പ് ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്നതും ജനം അംഗീകരിക്കുന്നില്ലായെന്ന പ്രത്യക്ഷമായ ഒരു സന്ദേശം വായിച്ചെടുക്കുവാൻ രാഷ്ട്രീയപ്പാർട്ടികൾ ഇനിയും തയ്യാറായാകുമോ എന്ന കാര്യത്തിൽ എനിക്ക് സംശയമുണ്ട്. ഇക്കാര്യങ്ങൾ അംഗീകരിക്കുവാനുള്ള മനോഭാവമല്ലല്ലോ അവർ ഇതേവരെ പ്രകടിപ്പിച്ചിട്ടുള്ളത്.

വട്ടിയൂർക്കാവിൽ വി.കെ പ്രശാന്തിന്  ലഭിച്ച 14465 ഭൂരിപക്ഷവും കോന്നിയിൽ ജനീഷ്‌കുമാറിന് ലഭിച്ച 9953 ഭൂരിപക്ഷവും തിളക്കമാർന്നതാണ്. രണ്ടുപേരുടെയും വ്യക്തിത്തമികവിനുള്ള അംഗീകാരമായി ഈ വിജയങ്ങളെ കണ്ടേ പറ്റൂ. ശ്രദ്ധിക്കപ്പെടേണ്ട മറ്റൊരു വസ്തുത ജാതി മതശക്തികൾക്ക് തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനവുമില്ലായെന്നും അവർ പറയുന്ന സ്ഥാനാർത്ഥികൾക്ക് അവരുടെ അണികൾ വോട്ടു ചെയ്യില്ലായെന്നുമുളള വസ്തുതകൾക്ക് ഈ തെരഞ്ഞെടുപ്പു ഫലങ്ങൾ അടിവരയിടുന്നു എന്നുള്ളതാണ്. ജനങ്ങൾ നൽകിയ വ്യക്തമായ സന്ദേശങ്ങൾ ജാതി-മത കാർഡിറക്കി കളിക്കാൻ ശ്രമിച്ച സുകുമാരൻ നായർക്കും വെള്ളാപ്പള്ളിക്കും ഓർത്തഡോക്സ്‌ സഭയിലെ ചില അച്ചന്മാർക്കും തിരുമേനിമാർക്കും വലിയ അവമതിപ്പുണ്ടാക്കി. ഇവർ പിന്തുണച്ചില്ലായിരുന്നെങ്കിൽ നന്നായേനെയെന്നു പിന്തുണ ലഭിച്ചവർ ഇപ്പോൾ ചിന്തിക്കുന്നുണ്ടാവും.

എനിക്ക് വലിയ സന്തോഷം നൽകുന്ന വിജയം അരൂരിലെ ഷാനിമോൾ ഉസ്മാന്റെതാണ്. ഇങ്ങിനെയുള്ള ചില സംഭവങ്ങളാണ് ദൈവനിഷേധിയായി ഒരു പഴയ കമ്യുണിസ്റ്റ് കുടുംബത്തിൽ ജനിച്ച എന്നെ കാലാന്തരത്തിൽ ദൈവ വിശ്വാസിയാക്കിയത്. ഷാനിമോൾക്കു വേണ്ടി അഹോരാത്രം കഷ്ടപ്പെട്ട ഷിബു ബേബി ജോണിനും പി.ടി തോമസിനും മറ്റു പ്രവർത്തകർക്കും അവരുടെ പ്രയത്‌നം വൃഥാവിലായില്ലായെന്നു ആശ്വസിക്കാം. അരൂർ ഒരു രാഷ്ട്രീയ പാഠശാലയായി കണ്ടാൽ UDFന്റെ ഭാവി ശോഭനമാകും. പക്ഷെ പാലായിലെ തോൽ‌വിയിൽ പഠിക്കാത്തവർ അരൂരിലെ വിജയത്തിൽ പാഠങ്ങൾ ഉൾക്കൊള്ളുമോ!

ശബരിമല വോട്ടു നേടിത്തരില്ലായെന്നു ഒരിക്കൽക്കൂടി തെളിയിച്ചു. മഞ്ചേശ്വരത്ത് എൽഡിഫ് സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്തായത് വ്യക്തമായ സന്ദേശമാണ്. കേരളരാഷ്ട്രീയത്തിൽ ഗുണപരമായ മാറ്റങ്ങൾ ദൃശ്യമായി തുടങ്ങിയെന്നത് ആശാവഹം തന്നെ.

UDF തകർന്നു നാമാവശേഷമായി എന്നൊക്കെ മുഖ്യമന്ത്രി വീമ്പിളക്കുന്നുണ്ട്. നല്ലത്… അദ്ദേഹത്തിന് ഒരു നല്ല കൈയ്യടി കൊടുക്കണം...പ്രോത്സാഹിപ്പിക്കണം… അങ്ങിനെ തന്നെ ചിന്തിക്കട്ടെ!അവരുടെ അന്ത്യത്തിന് അങ്ങിനെയൊരു മനോഭാവം തന്നെയായിരിക്കും നല്ലത്. വലിയ ഉയരത്തിൽനിന്നുമുള്ള വീഴ്ചയായിരിക്കുമല്ലോ ശത്രുക്കൾക്കു ആഘോഷിക്കാൻ കൂടുതൽ വക നൽകുന്നത്.


www.mathewsjacob.com