എഴുപതുകളുടെ ആരംഭത്തിലാണ്
എൻറ്റെ ബന്ധു കൂടിയായ പരേതനായ കോയിക്കലേത്തു
തോമാച്ചായൻ ഇപ്പോൾ ആശാ ഫാൻസി സ്റ്റോർ & സൂപ്പർ മാർക്കറ്റ് സ്ഥിതിചെയ്യുന്ന സ്ഥലത്തു
ഒരു ഫാൻസി സ്റ്റോർ ആരംഭിക്കുന്നത്. ഏതാണ്ട് ഒരു വർഷക്കാലത്തോളം ആ സ്ഥാപനം നടത്തിയ ശേഷം
തോമാച്ചായൻ അത് അദ്ദേഹത്തിൻറ്റെ മകളുടെ ഭർത്താവും
നെല്ലിമൂട്ടിൽ വക്കീലപ്പച്ചൻറ്റെ കൊച്ചുമകനുമായ
റെജി (എൻ.ഐ മാത്യു) ക്ക് കൈമാറി. റെജിയും അദ്ദേഹത്തിൻറ്റെ ജ്യേഷ്ഠ സഹോദരൻ ബിജോയി (എൻ.ഐ അലക്‌സാണ്ടർ) യും കൂടിയാണ്
അവിടെ ഇപ്പോൾ കാണുന്ന സൂപ്പർ മാർക്കറ്റ് സ്ഥാപിച്ചത്.
സൂപ്പർ മാർക്കറ്റായി മാറിയപ്പോളും ആശാ ഫാൻസി സ്റ്റോർ ആൻഡ് സൂപ്പർ
മാർക്കറ്റ് എന്നറിയപ്പെടാനാണ് ബിജോയിയും റെജിയും താല്പര്യപ്പെട്ടത്. അതുകൊണ്ടുതന്നെ ആശാ ഫാൻസി എന്ന ചുരുക്കപ്പേരിൽ ഈ സൂപ്പർ മാർക്കറ്റ് ഇക്കാലമെല്ലാം അറിയപ്പെട്ടു.
1980 കളുടെ ആരംഭത്തിൽത്തന്നെ ഏതു സാധനവും ലഭിക്കാവുന്ന അടൂരിലെ ഏക കടയായി ആശാ ഫാൻസി മാറിയിരുന്നു. ഞാൻ ഗൾഫിൽ നിന്നും അവധിക്കു വന്നിരുന്ന സമയത്തു ചില സാധനങ്ങൾ കടയിൽ ലഭ്യമല്ലാതിരുന്നത് ഏതാനും ദിവസങ്ങൾക്കുള്ളിൽ എത്തിച്ചു തരുവാനുള്ള മഹാമനസ്കതയും ഈ സ്ഥാപനത്തിൻറ്റെ നടത്തിപ്പുകാർ കാണിക്കുകയുണ്ടായി. എന്നോടുള്ള വ്യക്തിപരമായ
അടുപ്പംകൊണ്ടോ മമതകൊണ്ടോ അല്ലാ അവരത് ചെയ്തതെന്ന് തീർച്ച; കാരണം, മറ്റു പലർക്കും ഈ സേവനം അവർ ചെയ്തിട്ടുണ്ട്. ഒരു സാധനവും ലഭ്യമല്ലായെന്നു പറയരുത് എന്നാണ് അവരുടെ നയം എന്നു ഞാൻ
പിന്നീട് മനസ്സിലാക്കി. ഇപ്പോൾ ലഭ്യമല്ല; പക്ഷെ വരുത്തിത്തരാം എന്നേ അവർ എപ്പോഴും പറഞ്ഞിട്ടുള്ളൂ.
സുസ്മേരവദനരായി കസ്റ്റമേഴ്സിനോട് ഇടപെടുന്ന ബിജോയിയുടെയും റെജിയുടെയും പരിശീലനം മൂലമാകാം
അവിടുത്തെ എല്ലാ തൊഴിലാളികളും വളരെ മര്യാദക്ക് ജനങ്ങളുമായി ഇടപെടുന്നവരാണ്. മനു, കോശി എന്നിവർ വർഷങ്ങളായി കസ്റ്റമേഴ്സിൻറ്റെ ആവശ്യം അറിഞ്ഞു അവ നിറവേറ്റാൻ സമർപ്പിതരായവരെപ്പോലെയാണ് ആളുകളുമായി ഇടപെടുന്നത്.
ഈ സ്ഥാപനത്തെ താറടിച്ചു കാട്ടുവാൻ രണ്ടു മൂന്നു ദിവസമായി ചില വാർത്തകൾ ഫേസ്ബുക്കിലും വാട്ട്സാപ്പിലും മറ്റു ഇന്റർനെറ്റ്
സൈറ്റുകളിലും പ്രത്യക്ഷപ്പെടുകയുണ്ടായി. കോവിഡ് കാലത്തെ കൊയ്ത്തു ലക്ഷ്യമാക്കി ഫാൻസി സ്റ്റോർ ഒറ്റരാത്രികൊണ്ട് പലവ്യഞ്ജനങ്ങൾ ലഭിക്കുന്ന സൂപ്പർമാർക്കറ്റാക്കിയെന്നും ലൈസൻസില്ലാതെ പലവ്യഞ്ജനങ്ങൾ കൂടിയവിലയ്ക്ക് വിറ്റതിന് സ്ഥാപനത്തിൻറ്റെ ഉടമയുടെ പേരിൽ കേസെടുത്തിരിക്കുന്നുവെന്നുമാണ് വാർത്ത. സമൂഹ മാധ്യമങ്ങൾ
വ്യക്തിഹത്യക്കായി ഉപയോഗിക്കുന്നതിൻറ്റെ പ്രത്യക്ഷ ഉദാഹരണമായേ ഇതിനെകാണുവാൻ പറ്റൂ.
സത്യത്തിൽ എന്താണ് നടന്നത്? തിരുവനന്തപുരത്തുനിന്നുമുള്ള ഒരു വിജിലൻസ് ടീം ഏപ്രിൽ 8ന് തുറന്നിരുന്ന എല്ലാ കടകളിലും പരിശോധന നടത്തി. ലോക്ഡൗൺ സമയത്ത് ഫാൻസി
സ്റ്റോർ തുറന്നിരിക്കുന്നതു കണ്ട് അവർ ആശാ ഫാൻസിയിലും കയറി. പലവ്യഞ്ജനങ്ങൾ
വിൽക്കുന്ന വിവരം അടൂരിലെ സിവിൽ സപ്ലൈസ് ഡിപ്പാർട്ട്മെന്റിനെ അറിയിച്ചിട്ട് വിജിലൻസ് ടീം പോയി. സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ വന്ന് ലൈസൻസും മറ്റും വേരിഫൈ ചെയ്ത് സ്ഥാപനം ലൈസൻസുള്ള സൂപ്പർ മാർക്കറ്റാണെന്ന് ഉറപ്പാക്കി മടങ്ങി. എട്ടാം തീയതി
ഈ സംഭവത്തിനു ശേഷമുളള പ്രവർത്തന സമയത്തും ഒൻപതാം തീയതി മുഴുവൻ സമയവും കട തുറന്ന് വ്യാപാരം സാധാരണ രീതിയിൽ നടന്നു. വ്യാജ വാർത്തയിൽ എന്തെങ്കിലും കഴമ്പുണ്ടായിരുന്നുവെങ്കിൽ കട അപ്പോൾത്തന്നെ അടപ്പിക്കുമായിരുന്നുവല്ലോ. കൂടാതെ, സാധനങ്ങൾ GST ബില്ലടിച്ചു കൊടുക്കുന്നതുകൊണ്ടു അമിത
വിലയ്ക്കാണ് കൊടുക്കുന്നതെന്ന ആരോപണവും നിലനിൽക്കുന്നതല്ല.
സ്ഥാപനത്തിൻറ്റെ ഉടമയ്ക്ക് കട തുറന്നില്ലെങ്കിലും ജീവിക്കാനുള്ള സൗകര്യങ്ങളുണ്ട്. പക്ഷെ, ഈ സ്ഥാപനത്തിലുള്ള ഏതാണ്ട് ഇരുപതോളം തൊഴിലാളികൾ അങ്ങിനെയൊരു
സാഹചര്യത്തിൽ വലിയ ബുദ്ധിമുട്ടിലാകും. എല്ലാ ദിവസവും കട തുറക്കാൻ ബിജോയിയേയും റെജിയേയും നിർബ്ബന്ധിതരാക്കുന്ന ഘടകവും മറ്റൊന്നാവില്ല. വ്യാജ വാർത്തകൾ പടച്ചുവിടുന്നവർക്ക് ഇവരോടൊന്നും
ഒരു കടപ്പാടുമുണ്ടാവേണ്ടതില്ലല്ലോ.
Mathews Jacob
www.mathewsjacob.com
10-Apr-2020