ഡബ്ബിങ് ആർട്ടിസ്‌റ്റ് ഭാഗ്യലക്ഷ്മിയും മറ്റു രണ്ട് ഫെമിനിസ്റ്റ് ആക്ടിവിസ്റ്റുകളും കൂടി ഡോ. വിജയ് പി. നായരെ അദ്ദേഹത്തിൻറ്റെ താമസസ്ഥലത്തു കയറി തല്ലിയത് കണ്ടപ്പോൾ മനസ്സ് വല്ലാതെ പ്രക്ഷുബ്ദമായി. വീട്ടിൽ കയറി ആർക്കും ആരെയും തല്ലാം എന്ന സ്ഥിതി അനുവദിച്ചുകൊടുത്താൽ ഈ നാട്ടിൽ എങ്ങിനെ ജീവിക്കും എന്നു ചിന്തിച്ചുപോയി. കുറേ നിമിഷത്തേക്കെങ്കിലും വലിയ അനീതിക്കും അധിക്ഷേപത്തിനും പാത്രമായ ഡോക്ടറോട് വലിയ സഹതാപം തോന്നി. ഇതിനെതിരെ പ്രതികരിക്കണം, അദ്ദേഹത്തോട് ഐക്യദാർഢ്യം പ്രഖ്യാപിക്കണമെന്ന് തോന്നിയത് അപ്പോഴാണ്. കുറേ നാളുകളായി ഫേസ്ബുക്കിൽ പോസ്റ്റുന്നത് കുറച്ചിരിക്കുകയായിരുന്നെങ്കിലും ഇത് പ്രതികരിക്കേണ്ട സന്ദർഭമാണെന്നുള്ളതായിരുന്നു അപ്പോഴത്തെ ചിന്ത.
എന്തായാലും ഫേസ്ബുക്കിൽ ഒരു പോസ്റ്റ് ഇടുന്നതിനു മുൻപ് അയാളുടെ വീഡിയോ ഒന്നു കാണണമെന്ന് തോന്നി. നിർദോഷിയായ അദ്ദേഹത്തെ പിന്താങ്ങാനും ന്യായീകരിക്കാനുമുളള എന്തെങ്കിലും അദ്ദേഹത്തിൻറ്റെ തന്നെ വിഡിയോയിൽ നിന്നും കിട്ടിയാൽ നമ്മുടെ ജോലി എളുപ്പമാവുമല്ലോയെന്നും കരുതി. അങ്ങിനെയാണ് ഡോക്ടറുടെ വീഡിയോ യൂട്യൂബിൽ തപ്പാൻ തുടങ്ങിയത്. അപ്പോളാണ് “ഫെമിനിസ്റ്റുകൾ എന്തുകൊണ്ട് ജട്ടി ഇടാറില്ല” എന്ന വീഡിയോ ഇയാളുടെയാണെന്നും ഇതാണ് പ്രശ്നങ്ങൾക്കുള്ള തുടക്കമെന്നും മനസ്സിലായത്. ഈ ടൈറ്റിലോടുകൂടിയുള്ള ഒരു വീഡിയോ കുറേ ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് ശ്രദ്ധയിൽ പെട്ടിരുന്നെങ്കിലും ആ ടൈറ്റിലിൽ നിന്നുതന്നെ ഇത് “ചവർ” കാറ്റഗറിയിൽപെടുന്നതാണെന്ന് മനസ്സിലാക്കി തഴഞ്ഞതായിരുന്നു. ഇപ്പോൾ ഇത്രയും പ്രശ്നങ്ങളൊക്കെ ഈ വീഡിയോയുടെ പേരിൽ ഉണ്ടായ സ്ഥിതിക്ക് ഒന്നു കണ്ടുകളയാമെന്നു കരുതി.
വീഡിയോ കാണാൻ തുടങ്ങിയപ്പോൾതന്നെ നായരോട് എൻറ്റെ മനസ്സിലുണ്ടായിരുന്ന എല്ലാ സഹതാപവും മഞ്ഞുരുകുന്നതുപോലെ അപ്രത്യക്ഷമായി. വീഡിയോ കണ്ടു തീർന്നപ്പോൾ ഭാഗ്യലക്ഷ്മിയും കൂട്ടരും കുറേക്കൂടി കാര്യമായി അയാളെ കൈകാര്യം ചെയ്യേണ്ടിയിരുന്നുവെന്ന് ബോധ്യമായി. ആ തെറിവിളിക്കു പകരമായി കുറേക്കൂടി ദണ്ഡനം മതിയായിരുന്നു എന്നും ആഗ്രഹിച്ചുപോയി. ഞാൻ ഏറ്റവും നികൃഷ്ടനായ പുരുഷജന്മമായി കണ്ടിരുന്നത് ഈ അടുത്ത കാലത്തു ഉത്ര എന്ന പെൺകുട്ടിയെ പാമ്പിനെകൊണ്ട് കടിപ്പിച്ചു കൊന്ന ആ പറക്കോടുകാരൻ യുവാവിനെയായിരുന്നു. സത്യത്തിൽ അതിലും ഒരു റാങ്ക് മുകളിലുള്ള നികൃഷ്ടനും വെറുക്കപ്പെടേണ്ടവനുമാണ് ഈ വിജയ് പി. നായർ എന്നുള്ളതിന് എനിക്ക് ഇപ്പോൾ ഒട്ടും സംശയമില്ല.
നിമിഷങ്ങൾക്കുള്ളിൽ എൻറ്റെയുള്ളിൽ സംഭവിച്ച ഈ അഭിപ്രായമാറ്റത്തിനു കാരണം അയാളുടെ വിഡിയോയിൽ ഭാഗ്യലക്ഷ്മിയെക്കുറിച്ചോ മറ്റേതെങ്കിലും ഫെമിസ്റ്റുകളെക്കുറിച്ചോ എന്തെങ്കിലും അധിക്ഷേപം ഉണ്ടായിരുന്നതുകൊണ്ടല്ല. അതൊക്കെ ഞാൻ ക്ഷമിക്കുമായിരുന്നു, ഏതെങ്കിലും രീതിയിലുള്ള പരസ്‌പര വിദ്വേഷത്തിൻറ്റെ പേരിലായിരിക്കും എന്ന് സമാധാനിക്കുമായിരുന്നു. പക്ഷെ, വീഡിയോയുടെ തുടക്കത്തിൽത്തന്നെ അയാൾ ആക്രമിച്ചത് മലയാളത്തിന്റെ കവയിത്രി സുഗതകുമാരി ടീച്ചറിനെയായിരുന്നു. 75 വയസ്സുള്ള, വാർധക്യസഹജമായ രോഗങ്ങളാൽ കഷ്ടത അനുഭവിക്കുന്ന സുഗതകുമാരിയെ മലയാളികൾ ഗുരുസ്ഥാനീയയായിട്ടാണ് കാണുന്നതെന്ന വസ്തുത മനസ്സിലാക്കാൻ പോലുമുള്ള വകതിരിവില്ലാത്ത വിജയ് പി.നായർ Phd ഉള്ള ഒരു ഡോക്ടർ ആണെന്ന് ആ വീഡിയോ കാണുന്ന ആരും വിശ്വസിക്കില്ല. അയാൾ SSLC പോലും പാസ്സായിട്ടുണ്ടാവില്ല എന്നാണ് ഞാൻ കരുതുന്നത്. അത്രയ്ക്കുള്ള നിലവാരമേ അയാളുടെ വാക്കുകളിലുള്ളൂ.
സോഷ്യൽ മീഡിയ കേരളത്തിൽ അങ്ങേയറ്റം ദുരുപയോഗം ചെയ്യപ്പെടുന്നു. സ്ത്രീത്വത്തെ അപമാനിക്കാനും സ്വന്തം പാർട്ടിയെക്കുറിച്ചോ നേതാക്കന്മാരെക്കുറിച്ചോ എന്തെങ്കിലും വിമർശനം നടത്തുന്ന ആരേയും തേജോവധം ചെയ്യുവാനും ഒക്കെയുള്ള ഉപകാരണങ്ങളായി കുറേപ്പേർ സോഷ്യൽ മീഡിയയെ കാണുന്നു. ഒരു ന്യൂനപക്ഷമാണെങ്കിലും അന്തരീക്ഷം മലീമസമാക്കാൻ ഇവർ മതിയാകും. അതുകൊണ്ടുതന്നെ നിലവാരമുള്ള പോസ്റ്റുകൾ ഫേസ്ബുക്കിൽ വളരെ കുറയുന്നു. മാന്യതയുള്ളവർ എന്തെങ്കിലും അഭിപ്രായം രേഖപ്പെടുത്താൻ മടിക്കുന്നു. നമുക്ക് യോജിക്കാൻ പറ്റാത്ത അഥവാ നമ്മുടെ വീക്ഷണങ്ങളോടൊത്തു പോകാത്ത നിരീക്ഷണങ്ങൾ കണ്ടില്ലായെന്നു നടിക്കുന്നതിനു പകരം ആ വ്യക്തിയെ വളഞ്ഞിട്ടാക്രമിക്കുന്ന പ്രവണത നാട്ടുനടപ്പായി മാറിയിരിക്കുന്നു. ഇത് വിശാലമായ ഒരു ലോകമാണ്, ഇവിടെ മനുഷ്യർക്ക് വ്യത്യസ്ഥ കാഴ്ച്ചപ്പാടുകളും അഭിപ്രായങ്ങളും ഉണ്ടാവും എന്നു കരുതി വിട്ടേക്കാൻ തയ്യാറുള്ളവരല്ല ഇന്നത്തെ ഫേസ്ബുക് ഉപയോക്താക്കൾ. എങ്ങിനെ മാന്യമായി വിയോജിക്കാം എന്നറിയാത്ത കുറേപ്പേർ ആക്രമിക്കാൻ വേണ്ടി മാത്രം ഫ്രണ്ട് റിക്വസ്റ്റ് അയക്കുകയും ഫ്രണ്ട് ലിസ്റ്റിൽ കയറിപ്പറ്റുകയും ചെയ്യുന്നു. അനന്തരം എല്ലാത്തിനും പ്രതികരിക്കും. എന്തിനും തർക്കിക്കും. സ്വന്തം കാഴ്ചപ്പാട് പ്രതിഫലിപ്പിക്കാനോ അടിച്ചേൽപ്പിക്കാനോ കഴിയാതെ വരുമ്പോൾ കുറിക്കുന്ന കമൻറ്റുകൾ മാന്യതയുടെ അതിരുകൾ കടക്കുന്നു, മനുഷ്യമനസ്സുകളിൽ വെറുപ്പും വിദ്വേഷവും ഉളവാക്കുന്നു. ഇങ്ങിനെയുള്ളവരുടെ ഒരു പ്രതീകമായി വിജയ് പി.നായർ എന്ന വ്യാജ ഡോക്ടറെ കാണാം. കയ്യിലിരിപ്പ് ഇതാണെങ്കിൽ ഇയാൾ അടി വാങ്ങിക്കൂട്ടാനുള്ള എല്ലാ സാധ്യതകളും കാണുന്നുണ്ട്.
Mathews Jacob
Mobile: +918891052375
email: mathews.jacob@hotmail.com
web: www.mathewsjacob.com