ദില്ലിയിൽ നടക്കുന്ന കർഷക സമരം ഇന്ന് പതിനെട്ടാം ദിനത്തിലേക്കു കടന്നിരിക്കുന്നു. കേന്ദ്ര സർക്കാർ ഈ വർഷം ജൂലൈയിൽ ഇറക്കിയ ഓർഡിനൻസുകളുടെ സ്ഥാനത്തു സെപ്റ്റംബറിൽ പാർലമെൻറ്റിലെ രണ്ടു സഭകളിലും ബില്ലുകളായി അവതരിപ്പിച്ചു പാസ്സാക്കിയെടുത്ത, സെപ്റ്റംബർ 27 നു ഇന്ത്യൻ പ്രസിഡണ്ട് ഒപ്പുവച്ചു നിയമമായി മാറിയ മൂന്നു നിയമങ്ങളും പിൻവലിക്കാതെ ഈ സമരം നിർത്തില്ലായെന്ന കടുപ്പിച്ച നിലപാടാണ് സമരം ചെയ്യുന്നവർ എടുത്തിരിക്കുന്നത്. നിയമങ്ങൾ പിൻവലിക്കുന്ന പ്രശ്നമേ ഉയരുന്നില്ലായെന്നും സമരം ചെയ്യുന്നവരുടെ ആശങ്കകൾ ചർച്ച ചെയ്ത് താങ്ങുവില മുതലായ ചില കാര്യങ്ങളിൽ ആവശ്യമായ ഉറപ്പുകൾ രേഖാമൂലം നൽകാൻ തയ്യാറാണെന്നുമുള്ള തീരുമാനത്തിൽ കേന്ദ്രസർക്കാരും എത്തിയിരിക്കുന്നു. സ്വാഭാവികമായും ഈ സ്ഥിതി കുറേദിവസം കൂടി തുടരാനാണ് സാധ്യത. വൃദ്ധരും വയോധികരുമൊക്കെ സമരം ചെയ്യുന്നവരുടെയിടയിൽ ധാരാളമായി ഉള്ളതുകൊണ്ട് ഇന്ദിരാഗാന്ധിയുടെ ശൈലിയിൽ സമരത്തെ ഉരുക്കുമുഷ്ടികൾകൊണ്ട് അടിച്ചൊതുക്കാൻ നരേന്ദ്രമോദി സർക്കാർ തുനിയുമെന്നു തോന്നുന്നില്ല. സമാധാനപരമായി സമരം ചെയ്യുന്നവരെ അങ്ങിനെ നേരിടേണ്ട ആവശ്യവുമില്ല. തീവ്രവാദികളുടെ കടന്നുകയറ്റം കേന്ദ്രസർക്കാർ കൊണ്ടുവന്ന കാ...