2008 ഏപ്രിൽ 2 ന് നടന്ന സംഭവമാണ്. ആയിരക്കണക്കിനു കർഷകർ പഞ്ചാബിൽ നിന്നും ഹര്യാനയിൽ നിന്നും ചണ്ഡീഗഡിൽ ഒത്തുകൂടി മൻമോഹൻസിംഗ് സർക്കാരിനെതിരെ പ്രതിഷേധിച്ചു. ഭാരതീയ കിസ്സാൻ യൂണിയൻ പോലുള്ള പ്രമുഖ കർഷക സംഘടനകൾ പ്രതിഷേധത്തിൽ പങ്കെടുത്തു. മണ്ഡിയിൽ ലഭിക്കുന്നതിലും കൂടുതൽ വിലയ്ക്ക് ഗോതമ്പ് വാങ്ങാൻ കോർപറേറ്റുകൾ തയ്യാറായിട്ടും സർക്കാർ അനുവദിക്കുന്നില്ലായെന്നായിരുന്നു അവരുടെ പ്രധാന പരാതി. സർക്കാർ കണ്ട ഭാവം നടിച്ചില്ല. കർഷകരല്ലേ അവർ ഒരു ദിവസം സമരം ചെയ്തിട്ടു പോകുമെന്നുള്ള കണക്കുകൂട്ടൽ സർക്കാരിനുണ്ടായിരുന്നു. മറ്റു നിവർത്തിയില്ലാതെ കർഷകർ അവരുടെ ഉൽപ്പന്നം കുറഞ്ഞവിലയ്ക്ക് മണ്ഡിയിൽത്തന്നെ കൊടുത്തു കൊണ്ടിരിക്കുന്നു. കർഷകർ കുറഞ്ഞ വിലയ്ക്ക് മണ്ഡിയിൽ കൊടുക്കുന്ന ഉൽപ്പന്നങ്ങൾ റിലയൻസ് പോലെയുള്ള കോർപറേറ്റുകൾ ഉയർന്നവിലയ്ക്ക് മണ്ഡിയിൽ നിന്നും വാങ്ങിക്കൊണ്ടിരിക്കുന്നു. അപ്പോൾ ആർക്കാണ് ലാഭം? മണ്ഡിയിലെ ഏജൻറ്റ് എന്നറിയപ്പെടുന്ന ഇടനിലക്കാർക്ക് കോടിക്കണക്കിനു രൂപയുടെ കമ്മീഷൻ ഈ വർഷങ്ങളിൽ ലഭിച്ചു. അവർ തടിച്ചു കൊഴുത്തു. കൊട്ടാരസദൃശമായ വീടുകൾ പണിതു.
നരേന്ദ്രമോദി സർക്കാർ കൊണ്ടുവന്ന നിയമങ്ങൾ അവർക്കു വലിയ ഭീഷണിയാണ്. കോർപറേറ്റുകൾ നേരിട്ടു കർഷകരിൽ നിന്നും ഉൽപ്പന്നങ്ങൾ വാങ്ങാൻ തുടങ്ങിയാൽ അവരുടെ വരുമാനം നിലയ്ക്കും. ഇത് അവരുടെ നിലനിൽപ്പിൻറ്റെ പ്രശ്നമാണ്
കൃഷിമന്ത്രി ശരദ് പവാറിൻറ്റെ 2010 ലെ കത്ത്
2010 ആഗസ്റ്റ് 11 ന് അന്നത്തെ യൂണിയൻ കൃഷിമന്ത്രി ശരദ് പവാർ സംസ്ഥാന സർക്കാരുകൾക്ക് അയച്ച കത്താണ് താഴെ കൊടുത്തിരിക്കുന്നത്.
കാർഷിക മേഖലയിൽ വലിയ നിക്ഷേപം ആവശ്യമാണെന്നും അതിനു സ്വകാര്യ മേഖലയുടെ പങ്കാളിത്തം ഉണ്ടായെങ്കിലേ പറ്റൂവെന്നും അദ്ദേഹം ഉറപ്പിച്ചു പറയുന്നു. Model State Agriculture Produce Marketing (Development & Regulation) Act 2003, Draft Model APMC Rules 2007 എന്നീ രേഖകൾ അനുസരിച്ചു സ്റ്റേറ്റ് APMC ചട്ടങ്ങൾ ഭേദഗതി ചെയ്യണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരുന്നത്. ഒരു വർഷത്തിനു ശേഷം അദ്ദേഹം എല്ലാ മുഖ്യമന്ത്രിമാർക്കും ഭീഷണിസ്വരത്തിൽ ഓർമ്മപ്പെടുത്തൽ കത്തും അയച്ചു. APMC നിയമങ്ങൾ പരിഷ്കരിക്കാൻ മടിക്കുന്ന സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിൽനിന്നുമുള്ള ഒരു ധനസഹായവും ലഭിക്കില്ലയെന്നായിരുന്നു ഭീഷണി. ശരദ് പവാറിന് ഇപ്പോൾ ഇതൊന്നും ഓർമ്മയില്ല. ഇരട്ടത്താപ്പിൻറ്റെ ഉത്തമ ദൃഷ്ടാന്തം.
2013 ൽ രാഹുൽ ഗാന്ധിയുടെ നിലപാട്
പഴം പച്ചക്കറി ഉൽപ്പന്നങ്ങൾ ചന്തകൾക്കു വെളിയിൽ വിൽക്കാൻ കർഷകർക്ക് സ്വാതന്ത്ര്യമുണ്ടാകണമെന്നു 2013 ൽ രാഹുൽ ഗാന്ധി അഭിപ്രായപെട്ടിരുന്നു. (ഡിസംബർ 27, 2013 ലെ റിപ്പോർട്ട് വായിക്കാം)
കോൺഗ്രസ് ഭരിക്കുന്ന 12 സംസ്ഥാനങ്ങളിൽ പഴം പച്ചക്കറി ഉൽപ്പന്നങ്ങൾ APMC ആക്ടിൻറ്റെ പരിധിയിൽ നിന്നും എടുത്തുകളയണമെന്നാണ് രാഹുൽ ഗാന്ധി ആ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടത്. അത് കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾ കൂടിയ വിലയ്ക്ക് വെളിയിൽ വിൽക്കാൻ അവസരം നൽകുമെന്നും ആത്യന്തികമായി അത് കർഷകർക്ക് വലിയ ഗുണം ചെയ്യുമെന്നും അദ്ദേഹം അന്ന് ഉറച്ചു വിശ്വസിച്ചു. 7 വർഷത്തിന് ശേഷം ഇപ്പോൾ നരേന്ദ്രമോദി സർക്കാർ അത് രാജ്യം മൊത്തം ബാധകമാകുന്ന നിയമമാക്കിയപ്പോൾ എന്തുകൊണ്ടായിരിക്കും രാഹുൽ ഗാന്ധി എതിർക്കുന്നത്! ഇതാണ് ഇരട്ടത്താപ്പ്. പുതിയ നിയമങ്ങൾ കർഷകർക്ക് അനുകൂലമാണെന്നും തന്മൂലം നരേന്ദ്രമോദിസർക്കാർ കൂടുതൽ ജനപ്രിയമാകുമെന്നും. അങ്ങിനെയായാൽ 2024 ലും തനിക്കു പ്രധാനമന്ത്രിയാകാൻ കഴിയില്ലായെന്നും രാഹുൽ ഗാന്ധി ഭയക്കുന്നു.
പാർലമെൻറ്ററി സ്റ്റാൻഡിങ് കമ്മിറ്റി റിപ്പോർട്ട്
Parliamentary Standing Committee for Reforms (2019-2020) സമർപ്പിച്ച റിപ്പോർട്ട് താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ലഭ്യമാണ്. (റിപ്പോർട്ട് വായിക്കാം)
രാജ്യമെമ്പാടുമുള്ള APMC മണ്ഡികൾ കർഷക താൽപ്പര്യം മുൻനിർത്തിയല്ലാ പ്രവർത്തിക്കുന്നത് മറിച്ചു അവ കർഷകരെ ചൂഷണം ചെയ്യുകയാണെന്ന് റിപ്പോർട്ടിൻറ്റെ 1.5 ഖണ്ഡികയിൽ (പേജ് - 9) വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.
അങ്ങിനെ കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകൾക്കിടയിൽ കർഷകരുടെ ഉന്നമനത്തിനുവേണ്ടി സംഘടിപ്പിച്ച എല്ലാ സമിതികളും പ്രതിസ്ഥാനത്തു നിർത്തിയ APMC മണ്ഡിയെ ഇപ്പോൾ എല്ലാവരും വാഴ്ത്തിപ്പാടുന്നു; അവയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുന്നു. ഇരട്ടത്താപ്പല്ലെങ്കിൽ എന്താണിത്.
2019 ലെ കോൺഗ്രസ്സ് പാർട്ടിയുടെ പ്രകടനപത്രിക
2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പു സമയത്തു കോൺഗ്രസ് പാർട്ടി പുറത്തുവിട്ട പ്രകടനപത്രിക താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ലഭ്യമാണ്. (കോൺഗ്രസ് പാർട്ടിയുടെ പ്രകടനപത്രിക 2019)
കോൺഗ്രസ്സ്കാർ പോലും വായിച്ചിട്ടുണ്ടാവില്ലായെങ്കിലും APMC ആക്ടിനെക്കുറിച്ചു ഇതിലെന്താണ് പറഞ്ഞിരിക്കുന്നതെന്നു നോക്കുന്നത് രസകരമായിരിക്കും.
കോൺഗ്രസ് അധികാരത്തിലെത്തിയാൽ APMC ആക്ട് പൂർണ്ണമായും എടുത്തുകളയുമെന്നും കാർഷിക വിളകളുടെ അന്തർസംസ്ഥാന വിപണനത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന എല്ലാ നിയന്ത്രണങ്ങളും നീക്കുമെന്നും പ്രകടനപത്രികയുടെ സെക്ഷൻ -7 ഖണ്ഡിക-11 ൽ വളരെ വ്യക്തമായി എഴുതിപ്പിടിപ്പിച്ചിട്ടുണ്ട്. ആ നിലയ്ക്ക് ഇപ്പോഴത്തെ എതിർപ്പുകൾ ഇരട്ടത്താപ്പല്ലെങ്കിൽ മറ്റെന്താണ്!