കോവിഡ് വാക്‌സിൻറ്റെ ആദ്യഡോസ് എടുക്കാൻ ഓൺലൈൻ രെജിസ്ട്രേഷന് ഞാൻ സഹായിച്ച പലർക്കും അതേ സഹായം രണ്ടാം ഡോസെടുക്കാൻ ചെയ്തുകൊടുക്കാൻ കഴിയാഞ്ഞതിൽ അതീവ ദുഖമുണ്ട്. നിരന്തരം കോവിൻ സൈറ്റിൽ (cowin.gov.in) ശ്രമിച്ചുകൊണ്ടിരുന്നുവെങ്കിലും ഒരു കോവിഡ് സെൻറ്ററും സ്‌ക്രീനിൽ തെളിഞ്ഞുവന്നില്ല. സംസ്ഥാന ആരോഗ്യവകുപ്പ് കോവിഡ് വാക്‌സിൻ സ്റ്റോക്ക് അപ്ഡേറ്റ് ചെയ്യുമ്പോൾ മാത്രമേ ഇത്തരത്തിൽ നമ്മുടെയടുത്തുള്ള വാക്സിൻ സെൻറ്ററുകൾ തെരഞ്ഞെടുക്കത്തക്കവണ്ണം സ്‌ക്രീനിൽ തെളിയൂ. എല്ലാവരോടും ക്ഷമ ചോദിക്കുന്നു. |
സത്യത്തിൽ ഇതിൽ ദുഃഖിതരാകേണ്ട കാര്യമില്ല. രണ്ടാമത്തെ ഡോസ് സ്വീകരിച്ച് 14 ദിവസം കഴിഞ്ഞേ പ്രതിരോധശേഷി കൈവരിക്കുകയുള്ളൂ. അതുകൊണ്ട് ഇപ്പോൾ ഓടിച്ചെന്നു വാക്സിൻ എടുത്തതുകൊണ്ട് ഇപ്പോൾ നടക്കുന്ന അതിതീവ്രവ്യാപനത്തിൽ നിന്നും രക്ഷപെടാൻ പറ്റില്ല. വാക്സിൻ എടുക്കാൻ വേണ്ടിമാത്രം വീടിൻറ്റെ സുരക്ഷിതത്തിൽ നിന്നും ആളുകൾ കൂട്ടംകൂടുന്ന ഒരു പൊതുസ്ഥലത്തേക്കു വരുന്നത് അപകടമാണ്. തന്നെയല്ല, രണ്ടു ഡോസെടുത്താലും അസുഖം വരില്ലയെന്നു ഉറപ്പൊന്നും ഇല്ല. രണ്ടു ഡോസ് വാക്സിനും എടുത്ത അശ്വതി എന്ന 25 വയസ്സുകാരിയായ ലാബ് ടെക്‌നിഷ്യൻ ഈ കഴിഞ്ഞ ദിവസം മരണമടയുകയും ചെയ്തു. രണ്ടു ഡോസ് വാക്സിൻ എടുത്ത പലർക്കും അസുഖം വന്നതായും പലരും മരിച്ചതായുമുള്ള വാർത്തകൾ നിരന്തരം വന്നുകൊണ്ടിരിക്കുന്നു. |
കൂടാതെ, ആദ്യം 28 ദിവസം കഴിഞ്ഞു രണ്ടാം ഡോസ് എടുക്കാമെന്ന് പറഞ്ഞിരുന്നുവെങ്കിലും പിന്നീട് 45 ദിവസം കഴിഞ്ഞു മതിയെന്നു പറഞ്ഞിരുന്നു. ഇപ്പോൾ ഡോക്ടർമാരും ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന വിദഗ്ധരും പറയുന്നത് മൂന്നു മാസത്തെ ഗ്യാപ് വന്നാലും കുഴപ്പമില്ലായെന്നാണ്. |
നമ്മുടെ നാട്ടിലെ വാക്‌സിനേഷൻ പ്രക്രിയ ഒരു കുത്തഴിഞ്ഞ സംവിധാനമാണ്. ഞാൻ ആദ്യ ഡോസ് എടുക്കാൻ ഓൺലൈനിൽ ബുക്ക് ചെയ്തിട്ട് മാർച്ച് 1 ന് 10 മണിക്ക് അടൂർ ഗവണ്മെൻറ്റ് ആശുപത്രിയിൽ ചെന്നപ്പോൾ കംപ്യുട്ടർ സംവിധാനം വർക്ക് ചെയ്യുന്നില്ലായെന്നു പറഞ്ഞു തിരിച്ചയച്ചു. പിന്നീട് മാർച്ച് 6 ന് പോയി നോക്കി. അന്നു പറഞ്ഞു വാക്‌സിൻ ഇതേവരെ വന്നില്ലായെന്ന്. മാർച്ച് 12 ന് വീണ്ടും പോയി. അന്ന് നൂറ് പേരോളം ഉണ്ടായിരുന്നു. ഞാൻ ഏഴാമത്തെ ആളായിരുന്നു. സെക്യൂരിറ്റി ഗാർഡ് ചൂണ്ടിക്കാണിച്ച ഒരു ഷെഡിൽ എല്ലാവരും 9 മണി മുതൽതന്നെ സാമൂഹികയകലം പാലിച്ചു കാത്തിരുന്നു. 10:30 ന് ആ സെക്യൂരിറ്റി ഗാർഡ് താൻ ഇരുന്ന കസേരയിൽ നിന്ന് എണീക്കാതെ എല്ലാവരും വരൂ എന്ന് കൈകാട്ടി വിളിച്ചു. അദ്ദേഹം കൈകാട്ടി വിളിച്ചത് പലരും കണ്ടില്ല. എന്നാൽ, അതു കണ്ട വ്യക്‌തി ഏറ്റവും അവസാനം വന്ന ആൾ ആയിരുന്നു. 10:15 അടുപ്പിച്ചാണ് അദ്ദേഹം ആശുപത്രിയിൽ വന്നത്. ഇരിക്കാൻ സ്ഥലം കിട്ടാതെ 10 മിനിറ്റോളം നിൽക്കേണ്ടിയും വന്നു. ഏതായാലും കൈകാട്ടി വിളിക്കുന്നത് കണ്ട് അദ്ദേഹം ഓടിച്ചെന്നു. സെക്യൂരിറ്റി ഗാർഡ് ഒരു ബുക്ക് എടുത്ത് കൊടുത്തിട്ടു അതിൽ പേരെഴുതുവാൻ പറഞ്ഞു. അങ്ങിനെ ഏറ്റവും അവസാനം വന്ന, എന്നാൽ ഏറ്റവും ആദ്യം സെക്യൂരിറ്റി ഗാർഡിൻറ്റെ അടുത്ത് ഓടിയെത്താൻ കഴിഞ്ഞ ആ വ്യക്‌തി അന്നത്തെ ടോക്കൺ നമ്പർ ഒന്നിന് അവകാശിയായി. ലോട്ടറി അടിച്ച സന്തോഷം അദ്ദേഹത്തിൻറ്റെ മുഖത്തുണ്ടായിരുന്നു. ഞങ്ങളെയെല്ലാം വലിയ പുശ്ചത്തോടെ നോക്കിയിട്ട് അദ്ദേഹം വാക്സിൻ ഹാളിലേക്ക് പ്രൗഢിയോടുകൂടി നടന്നുനീങ്ങി. |
ആദ്യത്തെ ടോക്കൺ കൊടുക്കുന്ന സമയത്തുതന്നെ ആളുകൾ അങ്ങോട്ട് കുതിച്ചിരുന്നു. നടക്കാൻ വലിയ പ്രയാസമില്ലാത്തവരൊക്കെ ആദ്യനിമിഷങ്ങളിൽത്തന്നെ അവിടെ എത്തി. എൻറ്റെ മുൻപിലുള്ളത് ഏതാണ്ട് 80 വയസ്സുള്ള ഒരു അമ്മച്ചി ആയിരുന്നു. 15 വയസ്സ് പ്രായം തോന്നുന്ന കൊച്ചുമകളായിരുന്നു അമ്മച്ചിയുടെ സഹായി. അമ്മച്ചിയുടെ കൈ പിടിച്ചു നടത്തുന്നതിൽ അൽപ്പം താമസം വന്നു. അതുകൊണ്ടു ഞാനും താമസിച്ചു. അങ്ങിനെ ഞാൻ ഏറ്റവും അവസാനത്തെ ആളായി. മുമ്പന്മാർ പിമ്പന്മാരും പിമ്പന്മാർ മുമ്പന്മാരും ആകും എന്ന തിരുവെഴുത്ത് ആശ്വാസവചനം പോലെ ഓർമ്മയിൽ വന്നു. |
അപ്പോഴേക്കും സെക്യൂരിറ്റി ഗാർഡിൻറ്റെ കസേരക്കു ചുറ്റും ആളുകൾ തടിച്ചുകൂടി. പേരെഴുതുവാനുള്ള ബുക്കിനുവേണ്ടി പിടിവലിയായി. ഉന്തായി തള്ളായി. പലരുടെയും താടിക്ക് വച്ചിരുന്ന മാസ്ക് ഊർന്നു താഴെ വീണു. മാസ്ക് പോയവർ സെക്യൂരിറ്റി ഗാർഡിനെ ചീത്തവിളിക്കുന്നുണ്ടായിരുന്നു. ചീത്തവിളിയും അട്ടഹാസവുമൊക്കെ അരങ്ങേറുമ്പോൾ പലരുടെയും വായിൽനിന്നും തെറിക്കുന്ന കണികകൾ എൻറ്റെ മനോമുകുരത്തിൽ പല വർണ്ണങ്ങളിലും രൂപങ്ങളിലും തെളിഞ്ഞു. ഞാൻ ഭയന്ന് ദൂരേക്ക് മാറി. അപ്പോഴേക്കും സൂപ്രണ്ടും സഹായികളും ഒക്കെ എത്തി. എല്ലാവരെയും കുറേ വഴക്കുപറഞ്ഞു, ഉപദേശിച്ചു. “നിങ്ങളൊക്കെ പ്രായമായവരല്ലേ? ഇങ്ങിനെയൊന്നുമല്ല പെരുമാറേണ്ടത്. ക്യൂ നിൽക്കൂ”. ഇന്നത്തേക്ക് ഓൺലൈനിൽ രജിസ്റ്റർ ചെയ്തവരാണ്; 9 മണി മുതൽ ക്യുവിലിരിക്കുകയായിരുന്നു; അവസാനം ഇരുന്ന ആൾ ആദ്യത്തെ ടോക്കൺ വാങ്ങി അകത്തു കയറി എന്നൊക്കെ പലരും പറഞ്ഞുനോക്കി. വീണ്ടും ഉപദേശം വന്നു; “നമ്മൾ കഴിഞ്ഞുപോയ കാര്യങ്ങൾതന്നെ ഇങ്ങിനെ പറഞ്ഞുകൊണ്ടിരിക്കരുത്. ക്യൂ നിന്നാൽ വാക്‌സിൻ എടുത്തു വീട്ടിൽ പോകാം. അല്ലെങ്കിൽ പഴയ കാര്യങ്ങൾ പറഞ്ഞുകൊണ്ട് ഇങ്ങിനെ ഇവിടെ ഈ വെയിലത്ത് നിൽക്കാം.” സാമൂഹികയകലം പാലിച്ച് നൂറ് പേർക്ക് ക്യൂ നിൽക്കാനുള്ള സ്ഥലമില്ല. എല്ലാവരും സ്‌കൂൾ അസ്സംബ്ലിയിൽ നിൽക്കുന്നതുപോലെ മുട്ടിയുരുമ്മി നിന്നു. അപ്പോഴേക്കും അടുത്ത അനൗൺസ്‌മെൻറ്റ് വന്നു. “എല്ലാവരും മാസ്ക് ധരിക്കണം. മാസ്ക് ഇല്ലാത്തവർക്ക് വാക്സിൻ നൽകില്ല.” പലരും തപ്പിയപ്പോൾ മാസ്ക്കില്ല. ആരോ ചൂണ്ടിക്കാണിച്ചു “ദോ അവിടെ!” സെക്യൂരിറ്റി ഗാർഡിൻറ്റെ കസേരയുടെ പരിസരത്തു തറയോട് പറ്റിപ്പിടിച്ചു കുറേ മാസ്‌ക്കുകൾ കിടപ്പുണ്ടായിരുന്നു. “ഇതെൻറ്റെയാ” “ഇതെൻറ്റെയാ” എന്നുപറഞ്ഞു ഓരോന്ന് എടുത്ത് രണ്ടുമൂന്ന് തവണ ഊതി സാനിറ്റൈസ് ചെയ്തു ധരിച്ചു. അങ്ങിനെ എല്ലാവരും പ്രോട്ടോക്കോൾ പാലിച്ചു ടോക്കൺ എടുക്കാനുള്ള ക്യുവിൽ നിന്നു. |
സംഗതി അത്ര പന്തിയല്ലായെന്നു കണ്ടതുകൊണ്ടും അവസാനത്തെ ആളായി ക്യൂവിൽ നിൽക്കാനുള്ള മടികൊണ്ടും 11:30 ന് ഞാൻ അവിടെനിന്നും മുങ്ങി. വീട്ടിൽ വന്ന് അൽപ്പം വിശ്രമിച്ചു കഴിഞ്ഞിട്ടും മനസ്സ് വളരെ അസ്വസ്ഥമായിരുന്നു. സാമൂഹികയകലം പാലിക്കാൻ കഴിയാതിരുന്നതുകൊണ്ടും മാസ്ക് ധരിക്കാതിരുന്ന പലരുടെയും അടുത്തു മുട്ടിയുരുമ്മി നിൽക്കേണ്ടി വന്നതിലും ഒക്കെ വലിയ ദുഃഖം തോന്നി. ഏതാണ്ട് 1 മണി ആയപ്പോൾ അടൂരിൽ എക്‌സൈഡ് ബാറ്ററി ഏജൻസി നടത്തുന്ന സുഹൃത്ത് ബാബു (പഴയ സണ്ണി സൗണ്ട്സ്) മൊബൈലിൽ വിളിച്ചിട്ടു ഇപ്പോൾ തിരക്കു കുറഞ്ഞുവെന്നും അവർക്കൊക്കെ വാക്‌സിൻ എടുത്തുവെന്നും പറഞ്ഞു. ബാബുവും സഹധർമ്മിണിയും ആദ്യത്തെ ക്യൂവിൽ എൻറ്റെയടുത്തുണ്ടായിരുന്നു. എന്നാൽ ഒരുകൈകൂടി നോക്കാമെന്ന് കരുതി ഒന്നേകാലോടുകൂടി വീണ്ടും ആശുപത്രിയിൽ ചെന്നു 2 മണിയോടുകൂടി വാക്‌സിൻ എടുത്ത് തിരിച്ചുപോന്നു. ഈ ദുരനുഭവത്തിൻറ്റെ വെളിച്ചത്തിൽ രണ്ടാം ഡോസ് എടുക്കാൻ ഗവണ്മെൻറ്റ് ആശുപത്രിയിൽ പോകാതെ വീടിനടുത്തുള്ള മരിയാ ഹോസ്പിറ്റലിൽ ഏപ്രിൽ 12 ന് പോയി. 250 രൂപാ കൊടുക്കേണ്ടി വന്നെങ്കിലും പ്രശ്നങ്ങളൊന്നും ഉണ്ടായില്ല. |
കഴിഞ്ഞ രണ്ടുമൂന്നു ദിവസങ്ങളിലായി ജിമ്മി ജോർജ് സ്റ്റേഡിയത്തിലും സംസ്ഥാനത്തിൻറ്റെ മറ്റു പലയിടങ്ങളിലും നടക്കുന്ന മെഗാ വാക്സിനേഷൻ ക്യാമ്പുകൾ അങ്ങേയറ്റം ഭീതിജനകമാണ്. വാക്സിൻ ക്ഷാമമുണ്ടെങ്കിൽ അത് തുറന്നു പറഞ്ഞുകൂടെ? വാക്സിൻ സ്റ്റോക്കില്ലെങ്കിൽ എന്തിന് മെഗാ വാക്സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കണം? എന്താണ് നടക്കുന്നതെന്ന് ഒട്ടും മനസ്സിലാകുന്നില്ല. അവിടെ തിക്കിലും തിരക്കിലും പെട്ട മിക്കവാറും എല്ലാവരും രോഗഗ്രസ്ഥരാകാനാണ് സാദ്ധ്യത. അവരിൽ നിന്നും പിന്നെ എത്ര പേർ രോഗികളാകും! ഇങ്ങിനെ വാക്സിൻ എടുക്കുന്നതിലും നല്ലത് വീട്ടിലിരിക്കുന്നതല്ലേ. രണ്ട് ഡോസ് വാക്സിനും എടുത്ത പലർക്കും രോഗം വന്നതായി ധാരാളം വാർത്തകൾ വന്നുവെങ്കിലും ആരോടും സമ്പർക്കമില്ലാതെ വീട്ടിലിരുന്നിട്ടുള്ള ആർക്കെങ്കിലും കോവിഡ് വന്നതായി ഇതുവരെ കേട്ടിട്ടില്ല. |
എല്ലാവരും മെയ് 1 മുതലുള്ള വാക്സിൻറ്റെ വിലയെക്കുറിച്ചും വാക്‌സിൻ കമ്പനികളുടെ ലാഭം കൂടിപ്പോകുമോ എന്നതിനെക്കുറിച്ചുമൊക്കെയാണ് വിഷമിക്കുന്നത്. അതൊക്കെ ഒരു വഴിക്കു നടക്കട്ടെ. സുപ്രീം കോടതിയോ മനുഷ്യാവകാശ സംഘടനകളോ ഒക്കെ ഇടപെടും; അതിനൊക്കെ പരിഹാരമാകും. പക്ഷെ ഇപ്പോൾ കാണുന്നതുപോലെയുള്ള വാക്സിൻ കേന്ദ്രങ്ങളിൽ എത്തി കോവിഡ് പിടിച്ചാൽ ദുരന്തമാകും ഫലം. വാക്സിനേഷൻ കേന്ദ്രങ്ങളിൽ എത്തുന്ന മനുഷ്യർക്ക് മാനുഷിക പരിഗണന കൊടുക്കണം. കൂട്ടംകൂടി രോഗവ്യാപനത്തിനു അവസരമാകരുത് നമ്മുടെ വാക്സിനേഷൻ ക്യാമ്പുകൾ. അവിടെ വരുന്നവരെ സഹായിക്കാനും നിയന്ത്രിക്കാനും ആളുകളുണ്ടാവണം. സാമൂഹികയകലം പാലിക്കാനുള്ള സാഹചര്യം ഉണ്ടാവണം. ഓർക്കുക, നമ്മൾ നടത്തുന്നത് വാക്സിനേഷൻ ക്യാമ്പുകളാണ്; കോൺസൻട്രേഷൻ ക്യാമ്പുകളല്ല. |