Skip to main content

കോൺഗ്രസ്സിൻറ്റെ ദുരവസ്ഥ



ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻറ്റെ കേരളത്തിലെ ഇപ്പോളത്തെ അവസ്ഥയാണ് ഈ കുറിപ്പിനാധാരം. കോൺഗ്രസ്സിനെക്കുറിച്ചു ഇയാളെന്തിന് ആവലാതിപ്പെടണമെന്നു ആരെങ്കിലും ചോദിച്ചേക്കാം. അതിനൊരു വിശദീകരണം നൽകിക്കൊണ്ടുതന്നെ തുടങ്ങാം. എൻറ്റെ ഭാര്യ ഒരു കോൺഗ്രസ്സ്കാരിയാണ്. ഞങ്ങൾ കണ്ടുമുട്ടുന്ന സമയത്തും അവരൊരു കോൺഗ്രസ്സ്കാരിയായിരുന്നു. എൻറ്റെ നിലപാടുകൾക്കനുസ്സരിച്ച് അവരും മാറണമെന്ന ശാഠ്യം എനിക്കൊരുകാലത്തുമില്ലായിരുന്നു. (മക്കൾ ഇടതുപക്ഷക്കാരാണ്. അതായത് ഞങ്ങളുടെ കുടുംബത്തിൽ ഒരോ വ്യക്തിയും തൻറ്റെ വ്യക്‌തിസ്വാതന്ത്ര്യം ആവോളം അനുഭവിക്കുന്നു.) തെരഞ്ഞെടുപ്പ്‌ഫലം എൻറ്റെ നല്ല പാതിയില്‍ ഉളവാക്കിയ നിരാശയും അസംതൃപ്തിയും എനിക്കും പ്രശ്‌നമാണല്ലൊ! അതുതന്നെ കാരണം.

കോൺഗ്രസ്സിൻറ്റെ നേതൃത്വം മാറണം, നേതൃത്വത്തിൻറ്റെ പിടിപ്പുകേടാണ് തെരഞ്ഞെടുപ്പിൽ പരാജയപ്പെടാൻ കാരണം എന്നൊക്കെ ഒരു വിഭാഗം കോൺഗ്രസ്സുകാർ ഉറച്ചുവിശ്വസിക്കുന്നു, അതിനുവേണ്ടി മുറവിളി കൂട്ടുന്നു. എന്നാൽ, എടുത്തുചാടി നേതൃമാറ്റം വേണ്ടാ, എല്ലാം സാവകാശം മതിയെന്നു കെ.സുധാകരനെയും കെ.മുരളീധരനെയും പോലെ ചിലരും പറയുന്നു. അത് വിവേകത്തിൻറ്റെ ശബ്ദമാണെന്ന് കോൺഗ്രസ്സുകാർ തിരിച്ചറിയണം. നേതൃത്വം മാറിയതുകൊണ്ടൊന്നും ഒരു കാര്യവുമില്ല. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വലിയ തോൽവി ഏറ്റുവാങ്ങിയശേഷം രാഹുൽഗാന്ധി പരാജയത്തിൻറ്റെ എല്ലാ ഉത്തരവാദിത്തങ്ങളും ഏറ്റെടുത്തു നേതൃത്വത്തിൽ നിന്നും മാറിനിന്നത് ഒരു രീതിയിലും പാർട്ടിക്ക്‌ ഗുണകരമായില്ല. 2016 ലെ തെരഞ്ഞെടുപ്പ്‌ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തു ഉമ്മൻചാണ്ടിയും ഔദ്യോഗിക പദവികൾ ഒഴിയുകയുണ്ടായി. ഫലമോ കോൺഗ്രസ് കൂടുതൽ ദുര്‍ബ്ബലമായി. സത്യത്തിൽ നേതൃത്വമല്ല കോൺഗ്രസ്സിൻറ്റെ പ്രശ്നം; മറിച്ച് യാഥാർഥ്യങ്ങൾ ഉള്‍ക്കൊള്ളാനുള്ള സാധാരണ പ്രവർത്തകരുടെ മടിയും പാർട്ടിയോട് കൂറില്ലായ്മയുമാണ്. എല്ലാവർക്കും നേതാക്കളാകണം. എല്ലാർക്കും സ്ഥാനങ്ങൾ വേണം. തെരഞ്ഞെടുപ്പിൽ ടിക്കറ്റ് കിട്ടിയില്ലെങ്കിൽ റിബലായി മല്‍സ്സരിക്കും, പാർട്ടിയെ നശിപ്പിക്കും. ഈ മനോഭാവം മാറാതെ ആര് കെപിസിസി പ്രസിഡണ്ടായാലും ആര് എഐസിസി പ്രസിഡണ്ടായാലും ഒരു കാര്യവുമില്ല.

ഒരോ കൊൺഗ്രസ്സുകാരനും ഒര്‍ത്തിരിക്കേണ്ട ചില വസ്തുതകൾ എഴുതാം. 2015-16 കാലഘട്ടത്തിൽ ഉമ്മന്‍ചാണ്ടി സർക്കാരിന് തുടർഭരണം ലഭിക്കാനുള്ള എല്ലാ സഹചര്യവുമുണ്ടയിരുന്നു. കാരണം അതൊരു നല്ല ഭരണമായിരുന്നു. അവിടെനിന്നാണ് ഈ പതനത്തിലേക്കെത്തിയതെന്നോര്‍ക്കുക. എന്താണ് അന്ന് സംഭവിച്ചത്? തുടർഭരണം ഉണ്ടാവാതിരിക്കാൻ ഏറ്റവും കൂടുതൽ സംഭാവനകൾ നൽകിയത് ഒരു മുൻ കെപിസിസി പ്രസിഡണ്ടായിരുന്ന വി.എം സുധീരനയിരുന്നു. എല്ലാവർക്കും അറിയാവുന്ന കാര്യങ്ങളായതുകൊണ്ട് വിശദീകരിക്കുന്നില്ല. അക്ഷരാർത്ഥത്തിൽ, അധികാരം ഒരു സ്വർണ്ണതളികയിൽ വെച്ച് പിണറായി വിജയന് സമ്മാനിച്ചു. അദ്ദേഹം അവസ്സരം നല്ലവണ്ണം ഉപയോഗിച്ചു. പാർട്ടിയിലെ ഒത്തൊരുമ അദ്ദേഹത്തിന് വലിയ ബലമായി. പിണറായി വിജയൻറ്റെ രണ്ടമൂഴത്തിന് പ്രധാന കാരണം അതുതന്നെ. അങ്ങിനെയൊരു സൗഭാഗ്യം കോൺഗ്രസ്സ് മുഖ്യമന്ത്രിമാർക്കാര്‍ക്കും ലഭിച്ചിരുന്നില്ല.

സിപിഐ(എം)ൽ നിലനിന്നിരുന്ന വിഭാഗീയത 2012ൽ തന്നെ അവസ്സാനിപ്പിച്ചിരുന്നു. കുലംകുത്തികൾക്ക് കൂലി എന്തായിരിക്കുമെന്ന സന്ദേശം ടി.പി ചന്ദ്രശേഖരൻറ്റെ കൊലപാതകത്തിൽക്കൂടി വ്യക്തമായി നൽകി. വി.എസ്സ് പക്ഷക്കാർ ഒന്നുകിൽ പിണറായി പക്ഷത്തേക്ക്‌ ചേക്കേറി അല്ലെങ്കിൽ ഗൾഫിൽ ജോലിതേടിപ്പോയി. സാക്ഷാൽ വി.എസ്സ് തന്നെ "എന്തെങ്കിലും കിട്ടിയാൽമതി ഞാൻ മിണ്ടില്ല" എന്ന നിലയിലേക്ക് ചുരുങ്ങി. ഇത് കോൺഗ്രസ്സിൽ സാധിക്കില്ലായെന്ന യാഥാർഥ്യം അംഗീകരിക്കുക. ലതികാസുഭാഷുമാരേയും റോസക്കുട്ടിമാരേയും പിന്തുടർന്ന് അറബിലിഖിതങ്ങൾ പതിച്ചിട്ടുള്ള ഇന്നോവാക്കാറുകൾ എത്തില്ലായെന്നു അവർക്കുറപ്പുണ്ടായിരുന്നു. തന്മൂലം കോൺഗ്രസ്സിൽ കുലംകുത്തികളുടെ എണ്ണം കൂടി. പാർട്ടി നാമാവശേഷമായി.

പിണറായി സർക്കാരിൻറ്റെ തുടർഭരണത്തിനുള്ള മറ്റൊരു കാരണം കഴിയുന്നിടത്തോളം എല്ലാവരെയും എന്തെങ്കിലും ആനുകൂല്യങ്ങൾ കൊടുത്തു പാട്ടിലാക്കിയെന്നതാണ്. ഒരു ഉദാഹരണം മാത്രം ഇവിടെ ഉദ്ധരിക്കാം. പത്തനംതിട്ട ജില്ല മൊത്തമായും ചുവപ്പണിയുവാൻ കാരണം പെന്തെകൊസ്ത് സഭക്കാർ ഒന്നടങ്കം ഇടതുപക്ഷത്തിനു വോട്ട് ചെയ്തതുകൊണ്ടാണെന്ന് ആ സഭക്കാരനായ ഒരു സുഹൃത്ത് ഇന്നലെ ഫേസ്ബുക്കിൽക്കൂടി വെളിപ്പെടുത്തുകയുണ്ടായി. നിലം നികത്തി കൺവെന്‍ഷൻ സെന്റർ പണിതുകൊണ്ടിരുന്നപ്പോൾ പ്രാദേശിക ബിജെപി പ്രവർത്തകർ എതിർത്തുവെന്നും സിപിഐ(എം) ഇടപെട്ട് എതിർപ്പുകളെ അതിജീവിക്കാൻ സഹായിച്ചുവെന്നും പിന്നീട് കൺവെൻഷൻ ഉൽഘാടനം ചെയ്യുവാൻ സാക്ഷാൽ പിണറായിവിജയൻതന്നെ വന്നുവെന്നും അതിൻറ്റെയൊക്കെ നന്ദിസൂചകമായിട്ടാണ് സഭ വോട്ട് മറിച്ചതെന്നും ആ സുഹൃത്ത് പറയുകയുണ്ടായി. ഇതൊക്കെ കോൺഗ്രസ്സിനോ യുഡിഎഫിനോ കഴിയുന്ന കാര്യങ്ങളല്ല എന്ന യാഥാർഥ്യം അംഗീകരിക്കുക. നിങ്ങൾ ഒരോ അഞ്ചു വർഷം കഴിയുമ്പോഴും ഭരണം മാറിമാറിവരും എന്നു കരുതി എല്ലാം ഭദ്രമെന്ന് കരുതിയിരുന്നപ്പോൾ ഇവിടെ വോട്ടുറപ്പിക്കുവാൻ ചുണക്കുട്ടികൾ വയൽ നികത്താനും മണ്ണ് കടത്താനും പാറ പൊട്ടിക്കാനുമൊക്കെ സംരക്ഷണം കൊടുത്തുകൊണ്ടിരുന്നു. നിങ്ങളുടെ യുവജനങ്ങൾ ഐഎഎസ്സ് പരീക്ഷ എഴുതാനും വിദേശത്ത് പഠിക്കാനും പോയപ്പോൾ ഇവിടെ ഇക്കാര്യങ്ങളിലൊക്കെ ശ്രദ്ധിച്ചു വോട്ടുറപ്പിക്കാൻ ആളുണ്ടായി. ബേജാറായിട്ട് കാര്യമില്ല.

എല്ലാത്തിനും ഒരു സ്വാഭാവികമായ അന്ത്യം ഉണ്ടാവുമെന്നു വിശ്വസിക്കുക. ആത്യന്തികമായി തിന്മയുടെ മേൽ നന്മയുടെ വിജയമുണ്ടാവുമെന്ന് വിശ്വസിക്കുക. ജനം നന്മയെ ഒരു കാലത്തു തിരിച്ചറിയും. അതുവരെ കാത്തിരിക്കുക. ക്രിയാത്‌മകമായ ഒരു പ്രതിപക്ഷമായി മാതൃകാപരമായ രീതിയിൽ പ്രവർത്തിക്കുകയെന്നതാണ് ഇപ്പോൾ കോൺഗ്രസ്സിനും യുഡിഎഫിനും/യുപിഎയ്ക്കും ചെയ്യാവുന്നതും ചെയ്യേണ്ടതും. എന്തിനും ഏതിനും എതിർക്കുന്നത് കേന്ദ്രസർക്കാരിനെതിരെയായാലും സംസ്ഥാന സർക്കാരിനെതിരെയായാലും കോൺഗ്രസ്സിന് ഗുണം ചെയ്യില്ലായെന്ന് 2019 ൽ തന്നെ ശ്രീ.ശശി തരൂരിനെപ്പോലെയുള്ളവർ ചൂണ്ടിക്കാട്ടിയപ്പോൾ അവരെ പരിഹസിക്കുവാനാണ് കോൺഗ്രസ്സുകാർ ശ്രമിച്ചത്. (റിപ്പോർട്ട് വായിക്കുക). കേന്ദ്രസർക്കാർ കൊണ്ടുവന്ന പല ബില്ലുകൾക്കെതിരെയും ഇടതുപക്ഷത്തോട് ചേർന്ന് സംയുക്ത പ്രമേയങ്ങൾ പാസ്സാക്കിയപ്പോൾ അത് ഇടതുപക്ഷം ഒരുക്കിയ ചതിക്കുഴികളാണെന്നു തിരിച്ചറിയുവാൻ കോൺഗ്രസ്സിന് സാധിച്ചില്ല. ഓർക്കുക, ഇടതുപക്ഷത്തിന് കേരളം മാത്രം നോക്കിയാൽ മതി; പക്ഷെ, കോൺഗ്രസ്സ് ഒരു ദേശീയപാർട്ടിയാണ്.

സംഘടനാ തെരഞ്ഞെടുപ്പുകൾ നടക്കണം. തെരഞ്ഞെടുക്കപ്പെടുന്നവരെ അംഗീകരിക്കാനും അനുസരിക്കാനും ഓരോ കോൺഗ്രസ്സുകാരനും ശ്രദ്ധിക്കണം. സർവ്വോപരി, അടിച്ചേൽപ്പിക്കുന്ന അച്ചടക്കത്തേക്കാൾ എപ്പോഴും നിലനിൽക്കുന്നത് സ്വയം നടപ്പിലാക്കുന്ന അച്ചടക്കമാണെന്നു ഒരോ കോൺഗ്രസ്സുകാരനും ഓർക്കണം. ചുവരുണ്ടെങ്കിലേ ചിത്രമെഴുതാൻ പറ്റൂ.