2011 മുതൽ നിലവിലിരുന്ന എൻറ്റെ ഫേസ്ബുക്ക് അക്കൗണ്ട് ഇന്നലെ ഡിലീറ്റ് ചെയ്യേണ്ടി വന്നു. കുറേനാളുകളായി ആലോചിക്കുന്നുണ്ടെങ്കിലും പിന്നെയാകാം എന്നു കരുതി നീട്ടിക്കൊണ്ടുപോയ ഒരു സംഗതി പെട്ടെന്ന് ചെയ്യേണ്ടി വന്നതിന്റെ കാരണം ഇപ്പോൾ നടക്കുന്ന ഇസ്രായേൽ-പലസ്‌തീൻ സംഘർഷവും സൗമ്യയെന്ന മലയാളി യുവതിയുടെ മരണവും സംബന്ധിച്ച് പല പ്രമുഖരും അവരുടെ FB ടൈംലൈനിൽ പങ്കുവെച്ച അഭിപ്രായങ്ങൾക്കും അനുശോചനക്കുറിപ്പുകൾക്കും അടിയിൽ ഒഴുകിയെത്തിയ കമന്റുകളാണ്. |
മുൻ മുഖ്യമന്ത്രി ശ്രീ.ഉമ്മൻചാണ്ടിയുടെ ഒരു പോസ്റ്റ് ആയിരുന്നു ആദ്യം ശ്രദ്ധയിൽപെട്ടത്. അദ്ദേഹത്തിന്റെ കുറിപ്പിൽ ഭീകരപ്രവർത്തകരുടെ ഷെല്ലാക്രമണത്തിൽ സൗമ്യയെന്ന മലയാളിയുവതി കൊല്ലപ്പെട്ടതിൽ അനുശോചിക്കുന്നുവെന്നായിരുന്നു ആദ്യം എഴുതിയത്. അപ്പോൾ വന്ന പല കമന്റുകളും സൈബർ ആക്രമണത്തിന്റെ സ്വഭാവമുള്ളവയായിരുന്നു. ചില കമന്റുകളിലെ പദപ്രയോഗങ്ങൾ ഈയടുത്ത സമയത്തിറങ്ങിയ “ജോജി” എന്ന മലയാളസിനിമയിലേതുപോലെ മലീമസമായിരുന്നു. ഏതായാലും ഉമ്മൻചാണ്ടിസാർ പോസ്റ്റ് എഡിറ്റ് ചെയ്ത് ഭീകരപ്രവർത്തകർ എന്ന വാക്ക് ഒഴിവാക്കി. |
മറ്റൊരു ഫേസ്ബുക്ക് പോസ്റ്റ് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്റെയായിരുന്നു. അദ്ദേഹത്തിന്റെ പോസ്റ്റിനു താഴെ വന്ന കമന്റുകളിൽ അസഭ്യം ഇല്ലായിരുന്നുവെങ്കിലും ഒരു വിഭാഗം ആളുകൾക്കുള്ള അസഹിഷ്ണുത വെളിവായിരുന്നു. ഞങ്ങൾ വോട്ട് തന്ന് വീണ്ടും ജയിപ്പിച്ചത് പലസ്റ്റീൻ പോരാളികളെ ഒരു രീതിയിലും കുറ്റപ്പെടുത്താനല്ലാ ഇത് ആവർത്തിച്ചാൽ ഭാവിയിൽ പിന്തുണ പ്രതീക്ഷിക്കേണ്ടായെന്ന സന്ദേശം പല കമന്റുകളിൽനിന്നും വായിച്ചെടുക്കാൻ കഴിയുമായിരുന്നു. ഏതായാലും അദ്ദേഹവും ആദ്യമിട്ട പോസ്റ്റ് എഡിറ്റ് ചെയ്ത് മയപ്പെടുത്തി ഭാവിയിലുണ്ടായേക്കാവുന്ന വോട്ട്നഷ്ട്ടം ബുദ്ധിപൂർവ്വം ഒഴിവാക്കി. |
പാലായിലെ നിയുക്ത MLA ശ്രീ. മാണി സി.കാപ്പനും വട്ടിയൂർക്കാവിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന ശ്രീമതി വീണ ജി.നായരുമായിരുന്നു സൗമ്യക്ക് ആദരാജ്ഞലികൾ അർപ്പിച്ചു ഫേസ്ബുക്കിൽ ഇട്ട പോസ്റ്റുകൾ സൈബർ ആക്രമണങ്ങൾക്കു ശേഷം എഡിറ്റ് ചെയ്യുകയോ പിൻവലിക്കുകയോ ചെയ്യേണ്ടിവന്ന മറ്റു രണ്ടു പ്രമുഖർ. നമ്മുടെ സമൂഹത്തിൽ വർഗ്ഗീയവിദ്വേഷം വളർത്തുന്ന ശക്തികൾ ഫേസ്ബുക്ക് കീഴടക്കിയിരിക്കുന്നു, ഫണം വിരിച്ചാടുന്നു. വിഷം വമിക്കുന്ന ഈ അന്തരീക്ഷത്തിൽനിന്നും ഓടിമാറേണ്ടതായിട്ടുണ്ട്. |
2011ൽ ഞാൻ ഫേസ്ബുക്ക് ഉപയോഗിക്കാൻ തുടങ്ങിയപ്പോൾ മറ്റുള്ളവരുടെ അഭിപ്രായസ്വാതന്ത്ര്യത്തെ മാനിക്കുകയും അഭിപ്രായങ്ങൾ സത്യസന്ധമായി പറയുന്നവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരു സംസ്കാരമായിരുന്നു നിലവിലുണ്ടായിരുന്നത്. കാലക്രമേണ അതിൽ മാറ്റം വന്നു. മൊബൈൽ വാങ്ങുന്ന എല്ലാവരും വാങ്ങുന്ന കടയിൽവെച്ചുതന്നെ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കുകയും സജീവമാകുകയും ചെയ്യുന്ന രീതിയിലേക്ക് കാര്യങ്ങളെത്തി. അടുത്ത കാലത്തായി സംഘടിത ഗ്രൂപ്പുകളായിതിരിഞ്ഞു മറ്റേതെങ്കിലും സംഘടനയിൽ പ്രവർത്തിക്കുന്നുവെന്ന ഒരേയൊരു കാരണംകൊണ്ട് ചില വ്യക്തികളുടെ പോസ്റ്റുകൾക്കു താഴെ അസഭ്യം വർഷിക്കുന്ന പോരാളിഗ്രുപ്പുകൾ വളരെ സജീവമായി. മുൻ ഡിജിപിമാർ ശ്രീ.ടി.പി സെൻകുമാറിന്റെയും ശ്രീ.ജേക്കബ് തോമസിന്റെയും പോസ്റ്റുകളും അവയുടെ കമന്റുകളും ഇപ്പോഴും അവരുടെ പ്രൊഫൈലിൽ വായിക്കുവാൻ കഴിയും. |
ഈ സാഹചര്യങ്ങളാണ് ഫേസ്ബുക്ക് മാന്യന്മാർക്ക് സജീവമായി നിലകൊള്ളാൻ സാധിക്കുന്ന ഒരു സാമൂഹികമാധ്യമമല്ലായെന്നുള്ള തിരിച്ചറിവിലേക്കു എന്നെ നയിച്ചതും 2011 മുതലുള്ള അക്കൗണ്ട് പൂട്ടിക്കെട്ടാമെന്നുമുള്ള തീരുമാനത്തിലേക്കെത്തിച്ചതും. പക്ഷെ ഫേസ്ബുക്ക് ഒഴിവാക്കുന്നത് പല അസൗകര്യങ്ങൾക്കും ഇടവരുത്തുമെന്നും തിരിച്ചറിയുന്നു. പ്രത്യേകിച്ച് പരസ്യങ്ങൾക്കും മറ്റും ബിസിനസ്സ് അക്കൗണ്ട് ഉള്ളവർക്ക് ഒരു ഫേസ്ബുക്ക് അക്കൗണ്ട് വളരെ അത്യാവശ്യമാണ്. അതുകൊണ്ട് അങ്ങിനെയുള്ള കാര്യങ്ങൾക്കുവേണ്ടി മാത്രം ഒരു പുതിയ അക്കൗണ്ട് തുടങ്ങുകയാണ്. പുതിയ അക്കൗണ്ടിൽ വളരെ സൂക്ഷിച്ചു മാത്രമേ സുഹൃത്തുക്കളെ സ്വീകരിക്കുന്നുള്ളൂ. എന്തിനും ഏതിനും എതിർക്കാൻവേണ്ടിമാത്രം ഫ്രണ്ട്ലിസ്റ്റിൽ കടന്നുകൂടിയ ചില സുഹൃത്തുക്കൾ ഉണ്ടായിരുന്നു പഴയ അക്കൗണ്ടിൽ. പുതിയ അക്കൗണ്ടിൽ അവരെ ഒഴിവാക്കുകയാണ്. അതുപോലെതന്നെ എന്നെ ഒഴിവാക്കാൻ ആഗ്രഹിക്കുന്ന കുറേപ്പേരെങ്കിലും ഉണ്ടായിരുന്നിരിക്കാം; അവർക്കുമിതൊരു അവസ്സരമാകുമെന്നു വിശ്വസിക്കുന്നു. |
വ്യക്തിപരമായ എൻറ്റെ ചില താൽപ്പര്യങ്ങളും അഭിരുചികളും താഴെക്കൊടുക്കുന്നു. അവയെ മാനിക്കുന്നവരെയാണ് ഞാൻ സുഹൃത്തുക്കളായി തെരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നത്. അവയോടു യോജിക്കാൻ കഴിയാത്തവർ ദയവു ചെയ്തു എനിക്കു ഫ്രണ്ട്റിക്വസ്റ്റ് അയക്കുകയോ എൻറ്റെ ഫ്രണ്ട്റിക്വസ്റ് സ്വീകരിക്കുകയോ ചെയ്യരുത്. അഥവാ ഫ്രണ്ടായിക്കഴിഞ്ഞാണ് ഇതു വായിക്കുന്നതെങ്കിൽ ആവശ്യമെങ്കിൽ അൺഫ്രണ്ട് ചെയ്യുവാനും മടിക്കരുത്. |
|
ഈ വിഷയവുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങൾ |
ചില മതാതീത ചിന്തകൾ |