Skip to main content

പടിപ്പുരയിൽ കുടുംബത്തിൻറ്റെ ഹൈന്ദവ പശ്ചാത്തലം

 

എൻറ്റെ പിതാവ് ശ്രീ പടിപ്പുരയിൽ ചാക്കോസാർ എനിക്കു നൽകിയ പ്രബോധനം അനുസരിച്ചു എൻറ്റെ കുടുംബവീടായ വടക്കടത്തുകാവിലെ പടിപ്പുരയിൽ കുടുംബത്തിൽ കുറേ വർഷങ്ങൾക്കു മുൻപ് സഞ്ചാരിയായ ഒരു സിദ്ധൻ വരികയുണ്ടായിയെന്നും അന്നത്തെ എൻറ്റെ പൂർവ്വ പിതാക്കന്മാരോടുണ്ടായ സൗഹൃദവും അടുപ്പവും മൂലം പിന്നീട്‌ അവിടം വിട്ടുപോകാതെ വർഷങ്ങളോളം ജീവിച്ചു അവിടെത്തന്നെ സമാധിയായിയെന്നുമുള്ള വിവരങ്ങൾ തലമുറകളായി പകർന്നു കിട്ടിയിട്ടുള്ളതാണ്.

അങ്ങിനെ പടിപ്പുരയിൽ കുടുംബത്തിലെ ഒരംഗമായിത്തീർന്ന ആ സിദ്ധൻ ഹിന്ദു പുരാണങ്ങളിലും ബൈബിളിലും അഗാധമായ അറിവുള്ളവനായിരുന്നുവെന്നാണ് അറിയുവാൻ കഴിഞ്ഞത്. പക്ഷെ ഈശ്വരസാക്ഷാൽക്കാരത്തിന് മതമല്ല ആവശ്യം മറിച്ചു ഈ പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന ഈശ്വരചൈതന്യത്തെക്കുറിച്ചുള്ള ബോധമാണ് വേണ്ടത് എന്ന തത്വത്തിലായിരുന്നു സിദ്ധൻറ്റെ വിശ്വാസം. അപ്പോഴും എല്ലാ മതങ്ങളെയും ഒരുപോലെ കാണാനും മതത്തിൻറ്റെ കണ്ണാടിയിൽക്കൂടിയല്ലാതെ വ്യക്തികളെ കാണുവാനും ഇടപെടാനും അദ്ദേഹത്തിന് കഴിഞ്ഞു. പടിപ്പുരയിൽ കുടുംബത്തിൽ ആ കുടുംബത്തിലെ ഒരംഗമായി ജീവിക്കാൻ അദ്ദേഹത്തിൻറ്റെ ഹൈന്ദവ വിശ്വാസം ഒരു വിലങ്ങുതടിയായില്ല. അതുപോലെതന്നെ ക്രൈസ്തവമതവിശ്വാസികളായിരുന്നിട്ടും ഒരു ഹിന്ദുവിനെ കുടുംബത്തിലെ ഒരംഗമായി അംഗീകരിക്കുന്നതിന് പടിപ്പുരയിൽ കുടുംബത്തിലെ ആ തലമുറയ്ക്ക് ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല. അതുകൊണ്ടുതന്നെ ആർക്കും മതപരിവർത്തനത്തിൻറ്റെ ആവശ്യം തോന്നിയതുമില്ല ആരും അതിനു തുനിഞ്ഞതുമില്ല.

എന്നാൽ പടിപ്പുരയിൽ കുടുംബാംഗങ്ങളിൽ പലരിലും ഹിന്ദു പുരാണങ്ങളെക്കുറിച്ചു പൊതുവെയും ഭഗവദ്ഗീതയെക്കുറിച്ചു പ്രത്യേകമായും അവബോധം ശൃഷ്ഠിക്കുവാൻ ശ്രമിക്കുകയുണ്ടായി എന്നാണ് തലമുറതലമുറയായി കൈമാറിവന്ന വിവരം. എൻറ്റെ പിതാവിന് ഈ അറിവുകൾ അദ്ദേഹത്തിൻറ്റെ പിതാവ് ബോധപൂർവ്വം കൈമാറിയിട്ടുണ്ടെന്നാണ് എനിക്കും മനസ്സിലായത്. എൻറ്റെ പിതാവ് എന്നേയും എൻറ്റെ ജ്യേഷ്‌ഠ സഹോദരങ്ങളേയും നന്നെ ചെറുപ്പത്തിൽത്തന്നെ സംസ്കൃതവും ഹിന്ദിയും പഠിപ്പിക്കുവാൻ തയ്യാറായത് ഈ ബോധനപ്രക്രിയയുടെ ഭാഗമായിരുന്നുവെന്നു വേണം കരുതുവാൻ.

ആ ദിവ്യൻറ്റെ സമാധി സ്ഥലത്തു എല്ലാ ദിവസവും വൈകിട്ട് ദീപം തെളിയിക്കുന്നതും പൂജകൾ നടത്തിയിരുന്നതും വർഷത്തിലൊരിക്കൽ വിശേഷാൽ പൂജകളും അന്നദാനവും ഒക്കെ നടത്തിയിരുന്നതും മങ്ങിയ ഓർമ്മകൾ ആണെങ്കിലും ഒരു ദിവസം പല തവണ എൻറ്റെ മനോമുകുരത്തിൽ തെളിയാറുണ്ട്. എനിക്ക് 10 വയസ്സുള്ളപ്പോൾതന്നെ സിദ്ധൻറ്റെ ഓർമ്മയ്ക്കായി ഞങ്ങളുടെ കുടുംബവീട്ടിൽ നടന്നിരുന്ന വിശേഷാൽ പൂജകളും അന്നദാനവും ഒക്കെ നിന്നുപോയി. എൻറ്റെ പിതാവ് കമ്മ്യുണിസ്റ്റ് ചിന്താഗതികളിൽ (അന്നത്തെ പുരോഗമന ചിന്താഗതി) ആകൃഷ്ടനായതാവാം ആ ആചാരങ്ങൾ നിന്നു പോകാൻ കാരണം എന്ന് കരുതുന്നു. വർഷങ്ങൾക്കു ശേഷം എൻറ്റെ ജ്യേഷ്ടസഹോദരൻ പടിപ്പുരയിൽ ജോൺസാർ അവയൊക്കെ പുനരാരംഭിക്കാൻ ശ്രമിച്ചുവെങ്കിലും അദ്ദേഹത്തിൻറ്റെ വാണിജ്യ ലക്ഷ്യങ്ങൾ തിരിച്ചറിഞ്ഞു ഞാൻ വലിയ തോതിലുള്ള പിന്തുണ കൊടുത്തില്ലായെന്നതാണ് വാസ്തവം.

എൻറ്റെ പിതാവിന് എൻറ്റെ മനസ്സ് വായിക്കുവാനും തൊട്ടറിയുവാനുമൊക്കെ കഴിഞ്ഞതുകൊണ്ടു വന്ദിച്ചില്ലെങ്കിലും നിന്ദിക്കാതിരുന്നാൽ മതി എന്ന് വ്യോമസേനയിൽ നിന്നും അവധിക്കു വരുമ്പോഴൊക്കെ എന്നോട് ഉപദേശിക്കുമായിരുന്നു. അങ്ങിനെ ക്രൈസ്തവ കുടുംബത്തിൽ ജനിച്ചെങ്കിലും ഹിന്ദു ധർമ്മവും ആചാരങ്ങളും പരിപാലിച്ചിരുന്ന ഒരു കുടുംബ പശ്ചാത്തലം കൂടി എനിക്കുണ്ടെന്നുള്ള തിരിച്ചറിവ് എപ്പോഴും എൻറ്റെ ഉള്ളിലുണ്ടായിരുന്നു. പിന്നീട്‌ കൊച്ചി നേവൽബേസിൽ ജോലി ചെയ്യുമ്പോൾ എൻറ്റെ പിതാവിനോടൊപ്പം അടുത്തിടപഴകി ജീവിക്കാൻ എനിക്കു കൂടുതൽ അവസരങ്ങൾ കിട്ടി. എൻറ്റെ പിതാവിന് ഈ ആചാരങ്ങളിലൊക്കെ വലിയ വിശ്വാസമുണ്ടായിരുന്നു എന്ന് അന്നത്തെ അദ്ദേഹത്തിൻറ്റെ സംസാരത്തിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞു. നിന്ദിക്കാതിരുന്നാൽ മാത്രം പോരാ പരമമായ സത്യത്തെക്കുറിച്ചു കൂടുതൽ അറിവ് നേടണം എന്നുള്ള ഒരു സന്ദേശമാണ് അദ്ദേഹം ഇഹലോകവാസം വെടിയുന്നതിനു മുൻപ് എനിക്കു നൽകിയത്‌. ഞങ്ങളുടെ സംസാരത്തിലൊക്കെ പലപ്പോഴും പൂർവ്വികരെ ഓർക്കേണ്ടത്തിൻറ്റെയും അവരുടെ അൽമാവിൻറ്റെ നിത്യശാന്തിക്കു വേണ്ടി പ്രാർത്ഥിക്കുന്നതിൻറ്റെയും ആവശ്യകതക്ക്‌ അദ്ദേഹം വലിയ ഊന്നൽ നൽകിയിരുന്നു.

ആൽമീയതായാണ് വ്യക്തിവികാസത്തിനാവശ്യം എന്ന തിരിച്ചറിവ് എനിക്കു നൽകിയത് എൻറ്റെ പിതാവ് തന്നെയാണെന്ന് നന്ദിയോടുകൂടി സ്മരിക്കുന്നു. അതുകൊണ്ടുതന്നെ എനിക്കു ഒരു വ്യക്തിയെ വ്യക്‌തി എന്ന നിലയിലല്ലാതെ ഒരു മതത്തിലെ അംഗമായി കാണാൻ ഒരിക്കലും കഴിഞ്ഞിട്ടില്ല. എയർഫോഴ്‌സിലെ 15 വർഷത്തെ സർവിസ് കാലയളവിൽ പല മതങ്ങളിലുമുള്ള ധാരാളം സുഹൃത്തുക്കൾ ഉണ്ടായിരുന്നു. അവരോടൊപ്പം ക്ഷേത്രങ്ങളും ഗുരുദ്വാരകളും ഞാൻ സന്ദർശിച്ചിട്ടുണ്ട്. കേരളത്തിലെ ഗുരുവായൂർ, ശബരിമല, പനച്ചിക്കാട് ക്ഷേത്രങ്ങൾ അങ്ങിനെ സുഹൃത്തുക്കളുടെ സഹായത്തോടെ ദർശനം നടത്തിയ ക്ഷേത്രങ്ങളാണ്. ബാംഗ്ലൂരിലെ ISKON ടെംപിൾ, മൂകാംബിക, ഉഡുപ്പി ശ്രീകൃഷ്ണക്ഷേത്രം, മധുര മീനാക്ഷി ക്ഷേത്രം, തിരുപ്പതി ക്ഷേത്രം, ഗോഹട്ടിയിലെ കാമക്യ ക്ഷേത്രം, അമൃതസാറിലെ സുവർണ്ണക്ഷേത്രം എന്നീ പ്രസിദ്ധ ക്ഷേത്രങ്ങളും പല സ്ഥലങ്ങളിലെയും അത്ര പ്രസിദ്ധമല്ലാത്ത ക്ഷേത്രങ്ങളും സുഹൃത്തുക്കളോടൊപ്പവും തനിച്ചും ഞാൻ സന്ദർശിച്ചിട്ടുണ്ട്. ഈ ക്ഷേത്ര സന്ദർനങ്ങളൊക്കെ സത്യത്തിൽ മറ്റു മതങ്ങളോടുള്ള ബഹുമാനവും ആദരവും പ്രകടിപ്പിക്കുന്നതിനും ആ മതവിശ്വാസികളായ സ്നേഹിതരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കാനുമായിരുന്നു. സൗദിയിലായിരിക്കുന്ന ഈ സമയത്തു എല്ലാ വർഷവും മുസ്ലിം സഹോദരങ്ങളോടൊപ്പം റമദാൻ നൊയമ്പ് ആചരിക്കുന്നതിനു എനിക്ക് ഒരു ബുദ്ധിമുട്ടും അനുഭവപ്പെടുന്നില്ലായെന്നു മാത്രമല്ല ഞാൻ ആ നൊയമ്പ് അങ്ങേയറ്റം ആസ്വദിക്കുകയും ചെയ്യുന്നു.

Related Articles