Skip to main content

സഖാവ് ടി.പി ചന്ദ്രശേഖരൻ അനുസ്മരണം

 



ഇന്ന് സഖാവ് ടി.പി ചന്ദ്രശേഖരന്റെ രക്തസാക്ഷിത്ത വാർഷികമാണ്. എല്ലാ വർഷവും ഈ ദിവസം മനസ്സിൽ ഒരു നീറ്റൽ കോരിയിടാറുണ്ട്. ഈ വർഷവും അങ്ങിനെതന്നെ. ഒരു മൂകത. ഒരു നഷ്ടബോധം. സഖാവ് ടി.പി അന്നത്തെ കമ്മ്യുണിസ്റ്റ്കാരുടെ ഒരു വികാരമായിരുന്നു. പലരുടേയും മാതൃകാസഖാവായിരുന്നു. പക്ഷെ എല്ലാം പെട്ടെന്ന് മാറിമറിഞ്ഞു. 18 വയസ്സ്‌ മുതൽ 49 വയസ്സ്‌ വരെ ഒരു പാർട്ടിക്കുവേണ്ടി സ്വന്തം സമയവും ശേഷിയും ഊർജ്ജവും ഉഴിഞ്ഞുവെച്ച ആ മനുഷ്യ സ്‌നേഹി ഒരു സുപ്രഭാതത്തിൽ പാർട്ടിക്ക്‌ അനഭിമതനായി; കുലംകുത്തിയെന്ന വിശേഷണത്തിനുടമയായി.

പാർട്ടിയിൽ വിഭാഗീയത കളം നിറഞ്ഞാടിയ സമയത്തു വി.എസ് അച്ചുതാനന്ദൻറ്റെ വിഭാഗത്തോട് ടി.പി യും ഓഞ്ചിയത്തെ കുറേ സഖാക്കളും ആഭിമുഖ്യം പ്രകടിപ്പിച്ചു. പാർട്ടിയിൽ വലതു വ്യതിയാനം സംഭവിക്കുന്നു, മുതലാളിമാരുമായി സഖാക്കൾക്കുള്ള ചെങ്ങാത്തം കൂടുന്നു, മുതലാളിമാർതന്നെ ഈ പാർട്ടിയെ കീഴടക്കാൻ ഒരു പക്ഷെ ഇതിടയാക്കും എന്ന കാഴ്ചപ്പാട് ഒന്നുറക്കെപറഞ്ഞുപോയി. അങ്ങിനെ ചിന്തിച്ചവരെയും പറഞ്ഞവരെയും പാർട്ടി പുറത്താക്കി. പുറത്താക്കപ്പെട്ടവർ റെവല്യൂഷനറി മാർക്സിസ്റ്റ് പാർട്ടി (ആർ.എം.പി) എന്ന പുതിയ പാർട്ടി ഉണ്ടാക്കി. നിർഭാഗ്യവശാൽ ടി.പി അതിന്റെ നേതാവായി. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ടി.പി യെത്തന്നെ ആർ.എം.പി സ്ഥാനാർത്ഥിയാക്കി. ആ തെരഞ്ഞെടുപ്പിൽ മുല്ലപ്പള്ളി രാമചന്ദ്രൻ 56000-ലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു പി.സതീദേവിയെ തോൽപ്പിച്ചത് ടി.പിയുടെ സാന്നിധ്യം മൂലമായിരുന്നുവെന്ന് സിപിഐ(എം) വിലയിരുത്തി. അതിനു ശേഷം നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ആർ.എം.പി മികച്ച പ്രകടനം കാഴ്ച്ചവെച്ചു; ഒരു പഞ്ചായത്തിലെ ഭരണം ഒറ്റക്ക് നേടി. ഇതെല്ലാം ടി.പി യോട് പക തോന്നാനും വകവരുത്താനുമുള്ള കാരണങ്ങളായി കണക്കാക്കപ്പെടുന്നു.

ടി.പിയെ കൊലചെയ്തിട്ടു ഒമ്പത് വർഷം തികയുന്ന ഇന്ന് മനസ്സിലെ നീറ്റലിനോടൊപ്പം അല്പം കുളിർമ്മയും നൽകുന്ന ഒരു വാർത്തയാണ് രണ്ടു ദിവസം മുൻപ് വന്നത്. ടി.പിയുടെ വിധവ സഖാവ് കെ.കെ രമ ആർ.എം.പിയുടെ സ്ഥാനാർത്ഥിയായി വടകരയിൽ മൽസരിച്ച് നല്ല ഭൂരിപക്ഷത്തിനു വിജയിച്ചിരിക്കുന്നു. ജനാധിപത്യ വിശ്വാസികൾക്ക് ആശ്വാസം തരുന്ന ചില വിജയങ്ങളും ചില പരാജയങ്ങളും ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഉണ്ടായിരുന്നു. അത്തരത്തിലുള്ള വിജയങ്ങളിൽ ഏറ്റവും തിളക്കമേറിയ വിജയമാണ് കെ.കെ രമയുടേത്. തീർച്ചയായും കെ.കെ രമയുടെ നിയമസഭയിലെ സാന്നിധ്യം പലർക്കും അസ്വസ്ഥതക്കുളുണ്ടാക്കും. കൊന്നിട്ടും ജീവിക്കുന്ന സഖാവ് ടി.പി ചന്ദ്രശേഖരനെ പിണറായിക്കിനി നിയമസഭയിൽ കാണാൻ കഴിയുമെന്ന് കെ.കെ രമ പ്രസ്താവിച്ചുകഴിഞ്ഞു. സഖാവ് ടി.പി ക്ക്‌ മരണമില്ല; അദ്ദേഹം എന്നും ഒരുകൂട്ടം ആരാധകരുടെ ഓർമ്മയിൽ ജീവിക്കും. കേരളാ നിയമസഭയിലും ടി.പി കുറച്ചുനാൾ ജീവിക്കട്ടെ!

ഈ വിഷയവുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങൾ



2012-ലെ ടി.പി ചന്ദ്രശേഖരൻ വധത്തിനു ശേഷം എഴുതിയ ബ്ലോഗ്