വരവേൽക്കാം ത്യാഗസമ്പന്നമായ ഓണത്തെ യു.എ.ഇ വാഗ്ദാനം ചെയ്‌ത 770 കോടി നഷ്ടമാകുമോയെന്ന് ആകുലപ്പെടാതെ എങ്ങിനെ ദുരന്തബാധിതരെ സഹായിക്കാൻ പറ്റുമെന്നാലോചിച്ച് ഒറ്റക്കെട്ടായി മലയാളികൾ സർക്കാരിനൊപ്പം നിൽക്കേണ്ട സമയമാണിത്. വിവാദങ്ങൾക്കു പിറകേ പോയി വിലയേറിയ സമയം നാം പാഴാക്കരുത്. രാഷ്ട്രീയ മുതലെടുപ്പ് ലക്‌ഷ്യം വെച്ചുകൊണ്ട് അനാവശ്യ ആരോപണങ്ങൾ ഈ സമയത്ത് ഉന്നയിക്കുന്നത് കഷ്ടനഷ്ടങ്ങളുടെ ആഘാതം ഉൾക്കൊണ്ടുകൊണ്ട് ഉയിർത്തെഴുനേൽക്കാൻ ശ്രമിക്കുന്ന ഒരു ജനതയുടെയും സന്നദ്ധ പ്രവർത്തകരുടെയും ആൽമവീര്യം കുറക്കുവാനേ ഉപകരിക്കൂ. പാളിച്ചകൾ ഉണ്ടായിട്ടുണ്ടാവും. പക്ഷെ, കഴിഞ്ഞ കുറെ സംവത്സരങ്ങളായി നാം പിന്തുടരുന്ന ചില രീതികൾ പിന്തുടർന്നു എന്നതു മാത്രമാണ് പാളിച്ചയെന്നും നാം മനസ്സിലാക്കണം. ഇപ്പോഴത്തെ സർക്കാർ അധികാരം ഏറ്റെടുത്തയുടനെതന്നെ അണക്കെട്ടുകളിൽ ജലം സംഭരിക്കുന്നതിനും അണക്കെട്ടുകൾ തുറന്നുവിടുന്നതിനും നേരത്തെ അവലംബിച്ച രീതികൾ മാറ്റിവെച്ചിട്ടു പുതിയ നിയമങ്ങൾ കൊണ്ടുവരണമായിരുന്നുവെന്നു പറയുന്നത് തികച്ചും ബാലിശമാണ്. മാറ്റങ്ങൾ അനിവാര്യമാണ്. അനുഭവത്തിൽ നിന്നും പാഠങ്ങൾ പഠിച്ചു കൂടുതൽ പ്രകൃതിസൗഹൃദമായ നയങ്ങൾ ഈ മേഖലയിൽ ആവിഷ്കരിക്...